ന്യൂഡല്‍ഹി: വെറും മൂന്നര മണിക്കൂറില്‍ പാര്‍ലമെന്റ് നിയമമാക്കിയത് ഏഴ് സുപ്രധാന ബില്ലുകള്‍. പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്രയും ബില്ലുകള്‍ മോദി സര്‍ക്കാര്‍ തിടുക്കത്തില്‍ പാസാക്കിയെടുത്തത്.
വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ അവതരിപ്പിച്ച ദ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലോസ് (ഭേദഗതി) ബില്‍ ആണ് ആദ്യത്തേത്. ചെറു ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്. എന്‍ഡിഎ എംപിമാര്‍ ബില്ലിനെ പിന്തുണച്ചു. പ്രതിപക്ഷത്തിന്റെ ബഞ്ചുകള്‍ കാലിയായിരുന്നു.
രണ്ടാമത്തെ ബില്‍ ദ എസന്‍ഷ്യല്‍ കമ്മോഡീറ്റീസ് (ഭേദഗതി) ബില്‍ ആയിരുന്നു, കാര്‍ഷിക ബില്ലിലെ മൂന്നാമത്തേത്. എഐഎഡിഎംകെ, ബിജെഡി, തമിഴ് മാനില കോണ്‍ഗ്രസ്, ടിഡിപി കക്ഷികള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് വ്യവസ്ഥ ചെയ്ത നഷ്ടപരിഹാരം കൂട്ടണമെന്ന് ബിജെഡിയുടെ അമര്‍ പട്‌നായിക് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു.
രണ്ടു ബില്ലും സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ഡിഎംകെയിലെ തിരുച്ചി ശിവ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഭാ നടപടികള്‍ ഡിഎംകെ ബഹിഷ്‌കരിച്ചതു കാരണം അദ്ദേഹത്തിന്റെ പ്രമേയം പരിഗണിച്ചില്ല.
ബാങ്കിങ് ആന്‍ഡ് റെഗുലേഷന്‍ (ഭേദഗതി) ബില്‍ ആണ് മൂന്നാമത്തെത്. കമ്പനീസ് ആക്ട്, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ബില്‍, രാഷ്ട്രീയ രക്ഷാ യൂണിവേഴ്‌സിറ്റി ബില്‍, ദ ടാക്‌സേഷന്‍ ആന്‍ഡ് അതര്‍ ലോസ് (റിലാക്‌സേഷന്‍ ആന്‍ഡ് അമന്‍ഡ്‌മെന്റ് ഓഫ് സെര്‍ട്ടര്‍ പ്രൊവിഷന്‍സ്) ബില്‍ എന്നിവയാണ് മറ്റുള്ളവ.
തിടുക്കപ്പെട്ട് ബില്‍ പാസാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി അടക്കമുള്ളവര്‍ രംഗത്തു വന്നു. ചോദ്യോത്തര വേളയില്ലാത്ത, ചര്‍ച്ചയില്ലാത്ത ഒരു പാര്‍ലമെന്റ് നികുതിദായകരുടെ പണത്തില്‍ വേണോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം സുപ്രധാന ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ട് സമഗ്രമായ ചര്‍ച്ചയാണ് വേണ്ടെന്ന് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍ പറഞ്ഞു.
പ്രധാന ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു എങ്കിലും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കാര്‍ഷിക ബില്‍ പാസാക്കുന്നതിനിടെ രാജ്യസഭയില്‍ നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിയിരുന്നത്.