പി.എം.എ സലാം
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് 1949ല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മുസ്‌ലിംലീഗ് എന്തിന് എന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്. നാടിന്റെ സ്വാതന്ത്ര്യവും അന്തസും അഭിമാനവും നിലനിര്‍ത്തുക, ജനക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക, ന്യൂനപക്ഷ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക, സമുദായങ്ങള്‍ തമ്മില്‍ സൗഹാര്‍ദവും ഐക്യവും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളെയാണ് ഖാഇദെ മില്ലത്ത് അക്കമിട്ട് നിരത്തുന്നത്. ഈ ലക്ഷ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക എന്നും ഇതില്‍ ഏതെങ്കിലും ഒന്ന് മുസ്‌ലിംലീഗിന്റെ ലക്ഷ്യമായി അംഗീകരിക്കരുതെന്ന് ബോധമുള്ള ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അഭിമാനത്തോടെ ഏഴരപ്പതിറ്റാണ്ടിലെത്തുന്ന വേളയില്‍ ഖാഇദെ മില്ലത്ത് മുന്നോട്ടുവെച്ച രാഷ്ട്രീയ ദര്‍ശനം കൂടുതല്‍ പ്രസക്തമാവുകയാണ്. ആ ലക്ഷ്യങ്ങളില്‍ ഒന്ന് പോലും അപ്രസക്തമല്ല. ഓരോന്നും ന്യായമാണ്, കാര്യമാത്രപ്രസക്തമാണ്. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഉലച്ചിലില്ലാതെ ഈ ആദര്‍ശം നിലനില്‍ക്കുന്നതിന്റെ കാരണവും ഈ ലക്ഷ്യങ്ങള്‍ എക്കാലത്തും പ്രസക്തമാണ് എന്നത് തന്നെ.
കാലവും ചരിത്രവുമാണ് സാക്ഷി. 75 വര്‍ഷക്കാലമായി മുസ്‌ലിംലീഗ് പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയമാണ് ന്യൂനപക്ഷ മുന്നേറ്റത്തിന്റെ ശരിയായ വഴിയെന്ന് കൂടുതല്‍ തെളിച്ചത്തോടെ രാജ്യത്തെ ഓരോ പൗരനും മനസിലാക്കുന്നുണ്ട്. തലയെണ്ണി കാര്യങ്ങള്‍ തീരുമാനിക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ ന്യൂനപക്ഷം ഐക്യപ്പെട്ടാല്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കാനും അഭിമാനത്തോടെ നിലനില്‍ക്കാനും സാധിക്കുകയുള്ളൂ എന്ന് കഴിഞ്ഞകാല അനുഭവങ്ങളിലൂടെ നാം അറിഞ്ഞു. ഭരണപങ്കാളിത്തം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഈ രാഷ്ട്രീയത്തിന്റെ ശക്തിയും ശരിയും ജനം തിരിച്ചറിഞ്ഞു. ശരീഅത്തിനെതിരെ വാളോങ്ങിയ കാലത്തും അറബി ഭാഷാ സംരക്ഷണത്തിനു വേണ്ടിയും സംവരണ അട്ടിമറിക്കെതിരായും വഖഫ് സംരക്ഷണ പ്രക്ഷോഭത്തിനുമെല്ലാം ഈ സംഘടന മുന്നിട്ടിറങ്ങിയത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അസ്തിത്വം സംരക്ഷിക്കാനാണ്.
രാജ്യത്തിന്റെ പരമാധികാരത്തെയും നിയമവ്യവസ്ഥയെയും മാനിച്ചുകൊണ്ടാണ് മുസ്‌ലിംലീഗ് എല്ലാ കാലത്തും പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചത്. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് അജണ്ടകളെ നിയമവ്യവസ്ഥയെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് മുസ്‌ലിംലീഗ് നേരിടുന്നത്. രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുസ്‌ലിംലീഗ് അതിന്റെ ദൗത്യം നിര്‍വഹിച്ചു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതല്‍ ഖാദര്‍ മൊയ്തീന്‍ സാഹിബ് വരെയുള്ള നേതൃത്വത്തിന്റെ പിന്‍ബലത്തോടെ ദേശീയ രാഷ്ട്രീയത്തിലും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മുതല്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വരെയുള്ള നേതൃത്വത്തിന് കീഴില്‍ കേരളത്തിലും അഭംഗുരം ആ ദൗത്യം തുടരുന്നു.
ഭരണഘടനാ അസംബ്ലി മുതല്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മുസ്‌ലിംലീഗ് പോരാടിയത് മറ്റൊരു സമുദായത്തെയും ദ്രോഹിച്ചുകൊണ്ടല്ല. മറിച്ച്, അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കപ്പുറത്ത് കൂടുതലായൊന്നും ആവശ്യപ്പെട്ടില്ല. ഭരണഘടനാദത്തമായ അവകാശങ്ങള്‍ അനുവദിച്ച് കിട്ടാനായി ഒരു വിട്ടുവീഴ്ചയും ചെയ്തതുമില്ല. ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളിത്തം വഹിച്ച പാര്‍ട്ടി എന്ന നിലയില്‍ വളരെയധികം അഭിമാനത്തോടെയാണ് മുസ്‌ലിംലീഗ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. മറ്റു സമുദായങ്ങളുടെയോ ജനവിഭാഗങ്ങളുടെയോ അവകാശങ്ങളില്‍ മുസ്‌ലിംലീഗ് യാതൊരുവിധത്തിലും കൈകടത്തിയിട്ടില്ല. അവര്‍ക്ക് കിട്ടേണ്ട അവകാശങ്ങള്‍ക്ക് വേണ്ടിയും ശക്തമായി നിലകൊണ്ടു. ആരുടെയും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയിട്ടില്ല. എല്ലാ വിശ്വാസങ്ങളും നിലനില്‍ക്കുന്ന, എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സമാധാനപൂര്‍ണമായ ഒരു രാജ്യത്തെയാണ് മുസ്‌ലിംലീഗ് വിഭാവനം ചെയ്യുന്നത്. സമാധാനത്തിനും സൗഹൃദത്തിനും ഭംഗം വരുന്ന ഘട്ടങ്ങളിലെല്ലാം ക്രിയാത്മക ഇടപെടല്‍ നടത്തി കലാപത്തിന്റെ കനലുകളെ അണച്ചു കളയാനും മുസ്‌ലിംലീഗ് മുന്നോട്ട്‌വന്നു.
മതനിഷേധത്തെയും മതവിദ്വേഷത്തെയും മുസ്‌ലിംലീഗ് ശക്തമായി എതിര്‍ക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ എല്ലാവര്‍ക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് മുസ്‌ലിംലീഗ് ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് സംഘടന നയപരിപാടികള്‍ രൂപീകരിച്ചത്. ഈ ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ടുതന്നെയാണ് ഇതര മതസമൂഹങ്ങളില്‍പെട്ടവരും ദലിത്, പിന്നാക്ക ജനവിഭാഗങ്ങളും മുസ് ലിംലീഗില്‍ അംഗത്വമെടുക്കുകയും ഈ ആദര്‍ശത്തെ വിജയിപ്പിക്കാനായി രംഗത്തിറങ്ങുകയും ചെയ്യുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും അവിച്ഛിന്നതയും ഐക്യവും സംരക്ഷിക്കാനും രാജ്യത്തെ പരമാധികാര സ്ഥിതി സമത്വ, മതനിരപേക്ഷ, ജനായത്ത റിപ്പബ്ലിക്കായി നിലനിര്‍ത്താനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും അസ്തിത്വം നിലനിര്‍ത്തുന്നതിനും വ്യക്തിനിയമങ്ങളും സമ്പന്നമായ പൈതൃകവും ഭാഷയും സാഹിത്യവും സാംസ്‌കാരികത്തനിമയും സംരക്ഷിക്കുന്നതിനും സംഘടന ഊന്നല്‍നല്‍കുന്നു. അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സി.എച്ച് സെന്റര്‍ ഉള്‍പ്പെടെ ഒട്ടേറെ ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് സദാ കര്‍മനിരതമാണ്. വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി, വനിത, ദലിത്, പ്രവാസി, കര്‍ഷക, സര്‍വീസ് സംഘടനകള്‍ മുസ്‌ലിംലീഗിന്റെ രാഷ്ട്രീയത്തെ ചലിപ്പിക്കുന്നതിന് വേണ്ടി കര്‍മരംഗത്തുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.സികള്‍ ജീവകാരുണ്യ സാമൂഹ്യ സേവന മേഖലകളില്‍ മഹത്തായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.
ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ ഒന്ന് മുതല്‍ 30 വരെ അംഗത്വ കാമ്പയിന്‍ ആചരിക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ഭരണഘടനയും പ്രഖ്യാപിത നയങ്ങളും അംഗീകരിക്കുന്ന 18 വയസില്‍ കുറയാത്ത പ്രായമുള്ള ഏതൊരു കേരളീയനും മുസ്‌ലിംലീഗിന്റെ കേരള സംസ്ഥാന ഘടകത്തില്‍ അംഗമാകാവുന്നതാണ്. നാല് വര്‍ഷമാണ് അംഗത്വ കാലാവധി. അതത് വാര്‍ഡ് കമ്മിറ്റികള്‍ അപേക്ഷ സ്വീകരിക്കുന്നതോടെ സംഘടനയില്‍ അംഗത്വം ഉറപ്പിക്കാം. സംഘടനയുടെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കാനും അച്ചടക്കം പാലിക്കാനും അംഗങ്ങള്‍ ബാധ്യസ്ഥരാണ്.
വാര്‍ഡ് മുതല്‍ സംസ്ഥാന കമ്മിറ്റി വരെയുള്ള ഘടകങ്ങളുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ സര്‍ക്കുലറുകള്‍ അതത് കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഷെഡ്യൂള്‍ പാലിച്ച് സമയബന്ധിതമായി മെമ്പര്‍ഷിപ്പും കമ്മിറ്റി രൂപീകരണവും നടത്താന്‍ ഉത്തരവാദപ്പെട്ടവര്‍ രംഗത്തിറങ്ങണം. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മെമ്പര്‍ഷിപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അംഗങ്ങളെ ചേര്‍ക്കാനും പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തണം. സംഘടനയുടെ ആശയവും ആദര്‍ശവും നയപരിപാടികളും ഉള്‍ക്കൊണ്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അംഗങ്ങളാവുകയും ഈ രാഷ്ട്രീയ സമാജത്തിന്റെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.