X
    Categories: More

സേവാഗ് ക്ഷുഭിതനാണ്

 

ന്യൂഡല്‍ഹി: വിരാത് കോലിയുമായുളള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പരിശീലകനാവാനുള്ള അപേക്ഷ വീരേന്ദര്‍ സേവാഗ് നല്‍കിയത്. അപേക്ഷ നല്‍കുമ്പോള്‍ സേവാഗ് പറഞ്ഞിരുന്ന പ്രധാന വ്യവസ്ഥ തന്നെ പരിശീലകനായി നിയോഗിക്കുമെങ്കില്‍ മാത്രമേ അപേക്ഷ നല്‍കു എന്നായിരുന്നു. അത് തത്വത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിക്കും താല്‍പ്പര്യമുണ്ടായിരുന്നു സേവാഗിനെ. പക്ഷേ ചൊവാഴ്ച്ച രാത്രി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പുതിയ കോച്ചിനെ പ്രഖ്യാപിച്ചപ്പോള്‍ സേവാഗ് പുറത്തായി. എന്ന് മാത്രമല്ല രാഹുല്‍ ദ്രാവിഡിനെ ബാറ്റിംഗ് ഉപദേഷ്ടാവായി പ്രഖ്യാപിക്കുകയും ചെയ്തു.
കോലി സേവാഗിനൊപ്പം നിന്നില്ല എന്നതാണ് സവിശേഷമായ കാര്യം. രണ്ട് പേരും ഡല്‍ഹിക്കാരാണ്. സേവാഗ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പരിശീലക വേഷത്തിലുണ്ടാവുകയും ചെയ്തിരുന്നു. താരങ്ങളെ മനസ്സിലാക്കുന്ന ഒരു പരിശീലകനെയാണ് തനിക്ക് താല്‍പ്പര്യമെന്ന് കോലി പറഞ്ഞപ്പോള്‍ സൂചനകള്‍ സേവാഗിന്റെ പക്ഷത്തേക്കാണ് പോയത്. പക്ഷേ പിന്നീട് രവിശാസ്ത്രിയുടെ പേരിനൊപ്പം കോലി നിന്നത് മഹേന്ദ്രസിംഗ് ധോണിയുടെ പിന്തുണയിലാണെന്നാണ് ക്രിക്കറ്റ് വര്‍ത്തമാനം. ധോണി നായകനായിരുന്ന സമയത്ത് ടീമിന്റെ ഡയരക്ടറായിരുന്നു ശാസ്ത്രി. ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു. ശാസ്ത്രിയുടെ കരാര്‍ കാലാവധി പൂര്‍ത്തീകരിച്ചപ്പോള്‍ അദ്ദേഹത്തിന് ക്രിക്കറ്റ് ബോര്‍ഡ് പുതിയ കരാര്‍ നല്‍കുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ സൗരവ് ഗാംഗുലിയുടെ എതിര്‍പ്പില്‍ നറുക്ക് അനില്‍ കുംബ്ലെക്കായി. കുംബ്ലെ പരിശീലകന്‍ എന്ന നിലയില്‍ മികച്ച വിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍ അദ്ദേഹത്തിന് അടുത്ത ലോകകപ്പ് വരെ അവസരമുണ്ടാവുമെന്ന ഘട്ടത്തിലാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ കോലിയും കുംബ്ലെയും അകന്നത്.
ഈ അകല്‍ച്ചയില്‍ സേവാഗ് ഒത്തുതീര്‍പ്പ് കോച്ചായി വരുമെന്ന് കരുതിയവരെയെല്ലാം നിരാശപ്പെടുത്തിയാണ് ശാസ്ത്രിക്ക് മുന്‍ത്തൂക്കം ലഭിച്ചത്. അതിന് മുന്‍കൈ എടുത്തതാവട്ടെ മൂന്ന് പേര്‍. ക്രിക്കറ്റ് ബോര്‍ഡും വിരാത് കോലിയും മഹേന്ദ്രസിംഗ് ധോണിയും. ഈ നീക്കത്തെ തടയിടാന്‍ കാര്യമായി രംഗത്തുണ്ടായിരുന്നത് സൗരവ് ഗാംഗുലി മാത്രമായിരുന്നു. തീരുമാനം വൈകിപ്പിക്കാനും കോലി അമേരിക്കയില്‍ നിന്ന് വന്നതിന് ശേഷം തീരുമാനമാവാമെന്നുമെല്ലാം അദ്ദേഹം പറഞ്ഞ് നോക്കിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ തലവന്‍ വിനോദ് റായിയും പുതിയ കോച്ച് ഉടന്‍ വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് നാടകീയതക്കൊടുവില്‍ ശാസ്ത്രി പരിശീലകനായതും സഹീര്‍ഖാന്‍ ബൗളിംഗ് കോച്ചായതും.
സഹീറിനോട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ ബൗളിംഗ് കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഫലം സംബന്ധിച്ച് തര്‍ക്കത്തില്‍ താരം പിന്മാറുകയായിരുന്നു. രാഹുല്‍ ദ്രാവിഡുമായി ബന്ധപ്പെട്ട് ചെറിയ വിവാദങ്ങള്‍ സമീപകാലത്തുണ്ടായിരുന്നു. ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേഷ്ടാവുമായിരുന്നു. ഈ ഇരട്ട ജോലി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ക്രിക്കറ്റ് മേല്‍നോട്ട സമിതി അംഗമായിരുന്ന രാമചന്ദ്ര ഗുഹ സ്ഥാനം രാജിവെക്കുമ്പോള്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ദ്രാവിഡ് ആ സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കയാണ്. ആ ജോലി കൂടാതെയാണ് ഇപ്പോള്‍ വിദേശ പര്യടന വേളകളില്‍ ബാറ്റിംഗ് ഉപദേഷ്ടാവിന്റെ ജോലിയും നല്‍കിയിരിക്കുന്നത്.
ഈ ജോലി തനിക്ക് ചെയ്യാനാവുമെന്നാണ് സേവാഗിന്റെ വിശ്വാസം. ലോക ക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ഒരു ബാറ്റ്‌സ്മാനായി അംഗീകാരം നേടിയ തന്നോട് ക്രിക്കറ്റ് ബോര്‍ഡോ, കോലിയോ നീതി കാണിച്ചില്ല എന്നാണ് അദ്ദേഹം കരുതുന്നത്.

chandrika: