X

സേതുരാമയ്യര്‍ വീണ്ടും വരുന്നു; അഞ്ചാം ഭാഗം ഫെബ്രുവരിയില്‍

തന്റെ കരിയറിലെ ശ്രദ്ധേയമായ ‘സേതുരാമയ്യര്‍ സി.ബി.ഐ’ വേഷം മമ്മൂട്ടി ഒരിക്കല്‍ക്കൂടി എടുത്തണിയുന്നു. സേതുരാമയ്യര്‍ സീരീസിലെ അഞ്ചാം ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 1988-ലെ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ മുതല്‍ 2005-ലെ ‘നേരറിയാന്‍ സി.ബി.ഐ’ വരെയുള്ള നാല് ചിത്രങ്ങളും സംവിധാനം ചെയ്ത കെ. മധുവാണ് അഞ്ചാം ചിത്രവും ഒരുക്കുന്നത്. പതിവു പോലെ എസ്.എന്‍ സ്വാമിയുടേതാണ് തിരക്കഥ.

നേരറിയാന്‍ സി.ബി.ഐക്കു ശേഷം അഞ്ചാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലതവണ ഉയര്‍ന്നിരുന്നുവെങ്കിലും ഒന്നിനും സ്ഥിരീകറണമായില്ല. അതിനിടെ, അഞ്ചാം ഭാഗത്തില്‍ സേതുരാമയ്യറാവുക സുരേഷ് ഗോപിയായിരിക്കുമെന്ന അഭ്യൂഹവും ഉയര്‍ന്നു. അതിനിടെയാണ് എസ്.എന്‍ സ്വാമിയും കെ. മധുവും ചേര്‍ന്ന് കഴിഞ്ഞയാഴ്ച മമ്മൂട്ടിയെ കണ്ടത്.

ഇതാദ്യമായി കേരളത്തിനു പുറത്തുള്ള കേസാവും സേതുരാമയ്യര്‍ അന്വേഷിക്കുക എന്ന പ്രത്യേകതയുണ്ട്. ഡല്‍ഹി, ഹൈദരാബാദ്, എറണാകുളം എന്നിവിടങ്ങളിലാവും ചിത്രത്തിന്റെ പ്രധാന ലൊക്കേഷുകള്‍. മമ്മൂട്ടിയുടെ കൂടി നിര്‍ദേശം പരിഗണിച്ചാണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. 2017 ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസത്തില്‍ ചിത്രം റിലീസ് ചെയ്യും.

രഞ്ജി പണിക്കര്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സേതുരാമയ്യരുടെ കൂട്ടാളിയുടെ കഥാപാത്രം ചെയ്യുന്ന മുകേഷ് ഈ ചിത്രത്തിലും ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, സേതുരാമയ്യറുടെ വലംകൈയായ ജഗതിയുടെ കഥാപാത്രം ആരായിരിക്കും ചെയ്യുക എന്നത് വ്യക്തമല്ല. നായികാ പ്രാധാന്യമുള്ള ചിത്രമായിരിക്കില്ല ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

chandrika: