ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ തെലുങ്കാന രാഷ്ട്രീയ സമിതി എം.പി പാര്‍ട്ടി വിട്ടു. ചെവല്ല മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ വിശ്വേശ്വര്‍ റെഡ്ഡിയാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇദ്ദേഹം ടി.ആര്‍.എസ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എം.പി സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
റെഡ്ഡി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ട്ടിയും സര്‍ക്കാറും ജനങ്ങളില്‍ നിന്ന് അകന്നതില്‍ നിന്നുള്ള പ്രതിഷേധം മൂലമാണ് രാജിയെന്ന് മുഖ്യമന്ത്രിയും ടി.ആര്‍.എസ് മേധാവിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന് അയച്ച മൂന്ന് പേജുള്ള കത്തില്‍ റെഡ്ഡി വ്യക്തമാക്കി.
തെലുങ്കാന വിരുദ്ധരും പാര്‍ട്ടിയുടെ ആശയത്തോട് പ്രതിബദ്ധതയില്ലാത്തവരും മന്ത്രിസഭയില്‍ വന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗതാഗതമന്ത്രി പട്‌നം മഹേന്ദ്ര റെഡ്ഡിയുടെ കുടുംബം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് വിശ്വേശ്വര്‍ റെഡ്ഡിയെ ചൊടിപ്പിച്ചതെന്നാണ് വിവരം. തെലുങ്കാനയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് വിശ്വേശ്വര്‍ റെഡ്ഡി.