X
    Categories: keralaNews

ധാര്‍ഷ്ട്യത്തിന് തിരിച്ചടി; ഇനി കലങ്ങിമറിയും

തിരുവനന്തപുരം: തൃക്കാക്കരയിലെ കനത്ത തോല്‍വി സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കും. ഏറെക്കാലമായി നേതാക്കളില്‍ ഉടലെടുത്തിട്ടുളള ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയായാണ് തിരഞ്ഞെടുപ്പ് ഫലം വിലരുത്തപ്പെടുന്നത്.

പ്രധാന വിവാദ വിഷയമായി ഉയര്‍ന്നുവന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളില്‍ നിന്നുണ്ടായത് ധാര്‍ഷ്ട്യത്തിന്റെ ഭാഷമായിരുന്നു. ആര് എതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്ന കടുംപിടുത്തം തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു. കെ റെയില്‍ വികസനത്തിന് വേണ്ടി എന്നും അതിന് മുന്നോട്ടുപോകാനുള്ള അനുമതിയാണ് തിരഞ്ഞെടുപ്പിലൂടെ നല്‍കേണ്ടത് എന്നാണ് തൃക്കാക്കരയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും സില്‍വര്‍ ലൈനിന് എതിരായി നടന്ന കനത്ത പ്രതിഷേധം നഗരപ്രദേശമായ തൃക്കാക്കരയില്‍ ബാധിക്കില്ല എന്ന അമിത ആത്മവിശ്വാസമുണ്ടായിരുന്നു. ഇത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

പാര്‍ട്ടിയിലും സര്‍ക്കാരിലും പകരംവെക്കാനില്ലാത്ത ഏകാധിപതിയായി പിണറായി വിജയന്‍ മാറിയതോടെ സി.പി.എമ്മില്‍ തിരുത്തലുകള്‍ ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്. കെ റെയില്‍ ഉള്‍പെടെയുള്ള വിഷയങ്ങളില്‍ പോലും കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. സി.പി.ഐ ഉള്‍പെടെയുള്ള ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകാനും സി.പി.എമ്മിന് കഴിഞ്ഞില്ല.

എല്ലാ മന്ത്രിമാരും എല്‍.ഡി.ഫിലെ ഭൂരിപക്ഷം എം.എല്‍.എമാരും ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണം വിപരീത ഫലം ഉളവാക്കി. ഒരു സാധാരണ ഉപ തിരഞ്ഞെടുപ്പ് ആയി മാറേണ്ടിയിരുന്നത് ‘ഉറപ്പാണ് തൃക്കാക്കര, ഉറപ്പാണ് 100’ എന്ന തരത്തില്‍ പ്രചാരണം ധാര്‍ഷ്ട്യത്തിന്റെ ഭാഷയായി മാറുകയും വോട്ടര്‍മാരില്‍ അതൃപ്തി വളര്‍ത്താന്‍ ഇടയാക്കുകയും ചെയ്തു. ഉമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുടുംബ തുടര്‍ച്ചയെന്ന് പറഞ്ഞ് പരിഹസിച്ചതും പി.ടി തോമസിന്റെ വിയോഗശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ‘സൗഭാഗ്യം’ എന്ന പ്രയോഗം നടത്തിയതും ഫലത്തില്‍ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യമായി മാറി.സര്‍ക്കാരിലും സി.പി.എമ്മിലും ചിലരുടെ അപ്രമാദിത്യം മാത്രമാണ് നടക്കുന്നതെന്ന് അഭിപ്രായമുള്ളവരും തിരുത്തു വേണം എന്ന് ചിന്തിക്കുന്നവരും ഇടതു പക്ഷത്തിന് എതിരെ വോട്ടു ചെയ്തു.

Chandrika Web: