ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മണ്ഡലത്തില്‍ ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള സീറ്റുകളില്‍ ബിജെപി തോറ്റു. ടീച്ചേഴ്‌സ്-ഗ്രാജ്വേറ്റ് മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ ലാല്‍ ബിഹാരി യാദവ്, അശുതോഷ് സിന്‍ഹ എന്നിവരാണ് വിജയിച്ചത്. മോദിയുടെ തട്ടകത്തില്‍ തന്നെ പാര്‍ട്ടിക്കുണ്ടായ തോല്‍വി ബിജെപിക്ക് ആഘാതമായി.
ബിരുദധാരികള്‍ക്കും അധ്യാപകര്‍ക്കുമായി സംവരണം ചെയ്ത 11 ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറ് ടീച്ചേഴ്‌സ് ക്വാട്ടയിലേക്കും അഞ്ച് ഗ്രാജ്വേറ്റ് ക്വാട്ടയിലേക്കുമായിരുന്നു ജനവിധി. പതിനൊന്നില്‍ ആറിടത്തെ ജനവിധിയാണ് ഇതുവരെ പുറത്തു വന്നത്. ഇതില്‍ മൂന്നിടത്ത് ബിജെപി ജയിച്ചു.
ഗോരക്പൂര്‍-ഫൈസാബാദ് ബ്ലോക് ടീച്ചേഴ്‌സ് മണ്ഡലത്തില്‍ യുപി സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (ശര്‍മ വിഭാഗം) സ്ഥാനാര്‍ത്ഥി ധ്രുവ് കുമാര്‍ ത്രിപാഠി ഹാട്രിക് വിജയം സ്വന്തമാക്കി. എതിര്‍ സ്ഥാനാര്‍ത്ഥി അജയ് സിങിനെ 1008 വോട്ടുകള്‍ക്കാണ് ഇദ്ദേഹം തോല്‍പ്പിച്ചത്. ധ്രുവിന് 10227 വോട്ടും അജയ് സിങിന് 9219 വോട്ടും കിട്ടി.
മീററ്റ് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീചന്ദ് ശര്‍മയാണ് വിജയിച്ചത്. എട്ടു തവണ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ ഓം പ്രകാശ് ശര്‍മയെ 3305 വോട്ടിനാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. ആഗ്ര ടീച്ചേഴ്‌സ് മണ്ഡലത്തില്‍ സ്വതന്ത്രന്‍ ആകാശ് അഗര്‍വാളാണ് വിജയിച്ചത്.
ഡിസംബര്‍ ഒന്നായിരുന്നു തെരഞ്ഞെടുപ്പ്. 11 സീറ്റില്‍ 199 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബിജെപി, എസ്പി, കോണ്‍ഗ്രസ് ടീച്ചേഴ്‌സ് അസോസിയേഷനുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.