ബോഡി ബിൽഡിങ് താരങ്ങൾക്ക് നിയമനം നൽകാനുള്ള തീരുമാനത്തിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരുടെ നിയമന നീക്കത്തിനെതിരെയാണ് നടപടി. ആംഡ് പൊലീസ് ബറ്റാലിയൻ ഇൻസ്പെക്ടർ ബിജുമോൻ പി.ജെ നൽകിയ ഹരജിയിലാണ് സ്റ്റേ.
ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. ചിത്തരേഷ് നടേശനും ഷിനു ചൊവ്വക്കും ആംഡ് പൊലീസ് ബാറ്റലിയനിൽ ഇൻസ്പെക്ടർ റാങ്കിൽ നിയമനം നടത്താനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്.
നേരത്തെ ഒളിമ്പ്യൻ ശ്രീശങ്കറിന് നിയമനം നൽകാൻ ഡിജിപി ശിപാർശ നൽകിയെങ്കിലും സർക്കാർ ഇത് പരിഗണിച്ചില്ല . ബോഡി ബിൽഡേഴ്‌സിനെ സാധാരണ സ്പോര്‍ട്സ് ക്വാട്ടയിൽ നിയമിക്കാൻ വ്യവസ്ഥയിലെന്ന് ആഭ്യന്ത വകുപ്പ് ഡിജിപിക്ക് അയച്ച കത്തിൽ പറയുന്നു.
എന്നാൽ മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി നിയമനം നടത്തണമെന്നാണ് നിർദേശം. സൂപ്പർ ന്യൂമറി തസ്തികയിലാണ് നിയമനം നടത്തേണ്ടത്. കായിക താരങ്ങളെ ഒഴിവാക്കിയാണ് ബോഡി ബിൽഡേഴ്സിന് നിയമനം നൽകാൻ തീരുമാനിച്ചത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നതിനാലാണ് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി നിയമനം എന്ന വിമർശനവും ഉയര്‍ന്നിരുന്നു.