ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാറിനെ പുറത്താക്കിയ നെതന്യാഹു ഭരണകൂടത്തിന്റെ ഉത്തരവ് ഇസ്രാഈല്‍ സുപ്രീം കോടതി താത്കാലികമായി മരവിപ്പിച്ചു. ഏപ്രില്‍ എട്ടിന് മുമ്പ് ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് വരെ റോണന്‍ ബാറിനെ പിരിച്ചുവിടരുന്നെന്നാണ് കോടതിയുടെ ഉത്തരവ്.
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നെതന്യാഹു സുരക്ഷ ഏജന്‍സി മേധാവിയെ പുറത്താക്കിയത്. റോണന്‍ ബാറിനെ പിരിച്ചുവിടാന്‍ വ്യാഴാഴ്ചയാണ് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെക്കുറിച്ച് ഷിന്‍ ബെറ്റ് നടത്തിയ അന്വേഷണത്തില്‍ ഇസ്രാഈല്‍ സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും വീഴ്ച്ചകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലുണ്ടായിരുന്നു. ഇതാകാം ഒരുപക്ഷെ റോണന്‍ ബാറിന്റെ സ്ഥാന നഷ്ടത്തിലേക്ക് നയിച്ചത്.
നെതന്യാഹുവിന്റെ പല നയങ്ങളും, ഹമാസിന് ലഭിക്കുന്ന ധനസഹായങ്ങളില്‍ കണ്ണടച്ചതും ആക്രമണത്തിന് കാരണമായെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഹമാസിന് ഖത്തറിന്റെ ധനസഹായം ലഭിച്ചത് ഇസ്രഈലിന്റെ അറിവോടെയായിരുന്നു.
ഇസ്രാഈലി രാഷ്ട്രീയക്കാര്‍ അല്‍ അഖ്സ പള്ളിയില്‍ സന്ദര്‍ശനം നടത്തിയതും ഫലസ്തീന്‍ തടവുകരോടുള്ള സമീപനങ്ങളും ഹമാസ് ആക്രമണങ്ങളുടെ കാരണങ്ങളായി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ഒക്ടോബര്‍ 7 ആക്രമണത്തിനുള്ള റൂട്ട്മാപ്പ് തയ്യാറാക്കാന്‍ ഹമാസിനെ സഹായിച്ചത് ഇസ്രഈലി സൈനികര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണെന്നും ഷിന്‍ ബെറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
2021 ഒക്ടോബറില്‍ ഷിന്‍ ബെറ്റിന്റെ തലവനായി അഞ്ച് വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പാണ് പിരിച്ചുവിട്ടത്. റോണന്‍ ബാറിന്റെ പിരിച്ചുവിടല്‍ ഇസ്രാഈലിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കി.
അതേസമയം തന്നെ നീക്കം ചെയ്യാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാര്‍ വിശേഷിപ്പിച്ചിരുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലെ സത്യം കണ്ടെത്തുന്നത് തടയാനാണ് തന്നെ പുറത്താക്കിയതെന്ന് റോണന്‍ ബാര്‍ പ്രതികരിച്ചു. ഇസ്രഈലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഷിന്‍ ബെറ്റ് മേധാവിയെ പുറത്താക്കുന്നത്.
ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ്, യുദ്ധത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളും അംഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും വളരെ രഹസ്യമായാണ് കൈകാര്യം ചെയ്തിരുന്നത്.