അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ യോഗേഷ് ഗുപ്ത. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ കൂടുതൽ അന്വേഷണം നടത്തി ഫയലുമായി വരാനായിരുന്നു വിജിലൻസ് ഡയറക്ടറുടെ നിർദേശം.
പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത്കുമാറിനെതിരെ അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കവടിയാറിലെ ആഡംബരവീട് നിർമാണത്തിൽ ക്രമക്കേട് നടന്നതായും പി.വി. അൻവർ ആരോപിച്ചു.
അതേസമയം വീട് നിർമിക്കാനായി എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. മാത്രമല്ല സർക്കാറിനെ അറിയിച്ചാണ് വീട് നിർമിക്കുന്നതെന്നും റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടി.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചുവെന്നും പി.വി. അൻവർ അജിത്കുമാറിനെതിരെ ആരോപണമുയർത്തി. കരാർ ആയി എട്ടുവർഷത്തിന് ശേഷമാണ് ഫ്ലാറ്റ് വിറ്റതെന്നും സ്വാഭാവികമായുണ്ടാകുന്ന വിലവർധനവാണ് ഫ്ലാറ്റിന് ഉണ്ടായതെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ.
മലപ്പുറം എസ്.പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്നായിരുന്നു അടുത്ത ആരോപണം. ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. ആരോപണങ്ങൾക്കിടയിലും അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.
സ്ഥാനക്കയറ്റത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഒരു അന്വേഷണവും എ.ഡി.ജി.പി അജിത്കുമാറിനെതിരേ നടക്കുന്നില്ല എന്നായിരുന്നു ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് അംഗീകരിച്ചായിരുന്നു സർക്കാറിന്റെ തീരുമാനം. നിലവിലെ പൊലീസ് മേധാവി ഷെയ്‌ഖ് ദർവേശ് സാഹിബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡി.ജി.പി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക.