അഷ്റഫ് വേങ്ങാട്ട്
റിയാദ് : റിയാദില്‍ നടക്കുന്ന സന്തോഷ് ട്രോഫി ലൂസേഴ്‌സ് ഫൈനലില്‍ സര്‍വീസസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെ തോല്‍പിച്ചു മൂന്നാം സ്ഥാനം നേടി. സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സര്‍വീസസിനു വേണ്ടി ആദ്യ പകുതിയില്‍ പി ഷഫീക്കും രണ്ടാം പകുതിയില്‍ ക്രിസ്റ്റഫര്‍ കാമേയുമാണ് ഗോളുകള്‍ നേടിയത്.
നേരത്തെ സെമി ഫൈനല്‍ മത്സരങ്ങളില്‍ സര്‍വീസസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കര്‍ണാടകയും പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മേഘാലയയും ഫൈനലില്‍ പ്രവേശിച്ചിരുന്നു.
അതിശൈത്യം വഴിമാറിയ നല്ല കാലാവസ്ഥയില്‍ സൗജന്യമായി ടിക്കറ്റ് ഓഫര്‍ ചെയ്തിട്ടും പ്രതീക്ഷിച്ച ജനം കളി കാണാന്‍ എത്തിയില്ല. ആദ്യസെമിയില്‍ മേഘാലയുടെ വിജയവും ഇതിനകം എട്ട് തവണ സന്തോഷ് ട്രോഫി മാറോടണച്ച പഞ്ചാബിന്റെ പരാജയവും അപ്രതീക്ഷിതമായിരുന്നു. കിരീട സാധ്യത ഉറപ്പാക്കിയ ടീമായിരുന്നു പഞ്ചാബ്.
രണ്ടാം സെമിയില്‍ ആറ് തവണ ട്രോഫി നേടിയ സര്‍വീസസിനെ നാല് തവണ ട്രോഫി കരസ്ഥമാക്കിയ കര്‍ണ്ണാടക (മൈസൂര്‍) ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അടിയറവ് പറയിച്ചത്.