കോഴിക്കോട്: കാരുണ്യ സ്പര്‍ശത്തിന്റെ വിശ്വോത്തര മാതൃകയായ കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച് സെന്റര്‍ ദിനാചരണം ഇന്ന് നടക്കും. 21 വര്‍ഷമായി ജീവകാരുണ്യ സേവന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്റര്‍. പ്രതിവര്‍ഷം പതിനായിരങ്ങള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നതോടൊപ്പം മുഴുസമയ പാലിയേറ്റീവ് വിംഗായ പൂക്കോയ തങ്ങള്‍ ഹോസ്പിസും സമാനതകളില്ലാതെ സേവനമാണ് ചെയ്യുന്നത്.
ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിക്കും വിധം പരിശീലനം ലഭിച്ച രണ്ടായിരത്തിലധികം വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹോം കെയര്‍ യൂണിറ്റ് സ്ഥാപിച്ച് അയ്യായിരത്തോളം രോഗികളെ പരിചരിച്ചാണ് മുന്നേറുന്നത്.
ബാഫഖി തങ്ങളുടെ നാമധേയത്തില്‍ ഈ വര്‍ഷം തുടക്കമിടുന്ന അത്യാധുനിക സംവിധാനങ്ങളോടെ ആഞ്ചിയോ, സി.ടി ഉള്‍പ്പടെയുള്ള ഡയഗനോസ്റ്റിക് സെന്റര്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റോടു കൂടി രോഗ നിര്‍ണയവും ബോധവത്കരണവും പുതു ചുവടുവെപ്പാണ്.
മെഡിക്കല്‍ കോളേജിലെ വിദ്യര്‍ത്ഥികളെയും ജീവനക്കാരെയും പ്രധാനമായും ഉദ്ധേശിച്ച് കൊണ്ട് അഞ്ഞൂറോളം പേര്‍ക്ക് ഇരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യവും ഈ വര്‍ഷം സി എച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മഹല്‍ സംരംഭത്തിന്റെ പ്രധാന വരുമാനമാണ് ഇന്നു നടക്കുന്ന ഫണ്ട് ശേഖരണം. സുമനസ്സുകള്‍ തുടര്‍ന്നും കൂടെയുണ്ടാവണമെന്ന് സി.എച്ച് സെന്റര്‍ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രസിഡന്റ് കെ.പി കോയ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.