കോഴിക്കോട്: ഒരാഴ്ചയോളമായി സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗത്ത് പ്രതിസന്ധി തുടരുന്നു. സര്‍വര്‍ പണിമുടക്കിയതാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇന്നലെ റേഷന്‍ ലഭിക്കാതെ പലരും തിരിച്ചു പോവേണ്ടി വന്നു. ഉപഭോക്താക്കള്‍ ഇലട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ.പോസ്) മെഷീനില്‍ കൈവിരല്‍ പതിക്കുമ്പോള്‍ ആധാര്‍ സര്‍വ്വറില്‍ കണക്റ്റാവാതെ ഒ.ടി.പി.യിലേക്ക് പോകുന്നത് പതിവായി മാറി. പല ഉപഭോക്താക്കളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവരും, റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത ഫോണ്‍ കൈവശം ഇല്ലാത്തവരുമാണ്.
ഇത്തരം ഉപഭോക്താക്കള്‍ ഇ.പോസ് സ്‌കാനറില്‍ അഞ്ചും, ആറും തവണ കൈവിരല്‍ വെയ്ക്കുമ്പോള്‍ മാത്രമാണ് വിതരണത്തിലേക്ക് പോകാന്‍ കഴിയുന്നത്. ഇത്തരത്തില്‍ വിതരണം പൂര്‍ത്തീകരിക്കുന്ന അവസാന വേളയില്‍ ബില്ല് പ്രിന്റാവാതെ വീണ്ടും ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് കൊണ്ട് ഉപഭോക്താക്കളും വ്യാപാരികളും വലയുന്നു. ഇത്തരം പ്രക്രിയയിലൂടെ ശരാശരി 150 പേര്‍ക്ക് റേഷന്‍ നല്‍കുന്നതിന് പകരം പരമാവധി 20 കാര്‍ഡുകാര്‍ക്ക് വരേയാണ് ഒരു ദിവസം റേഷന്‍ വിതരണം ചെയ്യാന്‍ കഴിയുന്നത്.
ഹൈദ്രബാദില്‍ പ്രവര്‍ത്തിക്കുന്ന ആധാര്‍ സ്‌റ്റെന്റര്‍ സര്‍വ്വറിനോടനുബന്ധിച്ചു കൊണ്ട് സര്‍വ്വറിന്റെ എല്ലാ ക്രമീകരണങ്ങളും ഉള്‍പെടുത്തി കൊണ്ടുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സെന്റര്‍ സര്‍വ്വര്‍ നിശ്ചലമാകുന്ന വേളയില്‍ ബദല്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം മുടങ്ങാതെ വിതരണം നടത്തണമെന്നും ആള്‍ കേരളാ റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി ആവശ്യപ്പെട്ടു.
മാസാവസാനം സര്‍വര്‍ പണിമുടക്കുന്നത് പൊതു ജനത്തെ ഏറെ ക്ഷുഭിതരാക്കുന്നുണ്ട്. പലയിടത്തും കാര്‍ഡുടമകളും റേഷന്‍ കടക്കാരും തമ്മില്‍ വാക്കേറ്റത്തിനും മറ്റും കാരണമാക്കിയിട്ടുണ്ട്. സര്‍വറിന്റെ ശേഷി കൂട്ടിയെങ്കിലേ പ്രശ്‌നത്തിന് പരിഹാരം ആകുകയുള്ളൂ നേരത്തെ 7 ജില്ലകളിലെ റേഷന്‍ കടകള്‍ ഉച്ചവരേയും 7 ജില്ലകളില്‍ ഉച്ചക്ക് ശേഷവും പ്രവര്‍ത്തിപ്പിച്ചാണ് താല്‍ക്കാലികമായി ശമനം കണ്ടിരുന്നത്.