X

ഗുരുതര പരുക്ക്; ഉമ തോമസ് വെന്റിലേറ്ററിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.

ഉമ തോമസ് എംഎൽഎ വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്നാണ്. തലയടിച്ച് മുന്നിലേക്കാണ് വീണത്. മുറിവിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. ആംബുലൻസിലേക്ക് കയറ്റുമ്പോൾ തന്നെ രക്തം വാർന്നിരുന്നു. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നു. വേദിയ്ക്ക് മുന്നിൽ ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി കെട്ടിയ റിബൺ ആയിരുന്നു.

മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീണുവെന്നാണ് മനസിലാക്കുന്നത്.

webdesk14: