X
    Categories: keralaNews

ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതില്‍ ഗുരുതര വീഴ്ച; നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം

തിരുവനന്തപുരം: കണ്ണൂര്‍, കേരളാ സര്‍വകലാശാലകളിലെ ചോദ്യപേപ്പര്‍ തയാറാക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം. ഉത്തരവാദികളെ പരീക്ഷാ ജോലികളില്‍ നിന്ന് ഡി ബാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ ്സിറ്റി ക്യാമ്പയിനാണ് നിവേദനം നല്‍കിയത്.

മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള ചോദ്യങ്ങള്‍ തന്നെ അതേ പടി ഈ വര്‍ഷവും ഉപയോഗിക്കുന്നത് തുടര്‍കഥയാണെന്ന് നിവേദനത്തില്‍ പറയുന്നു. കണ്ണൂര്‍ സര്‍വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ തന്നെ ഈ വര്‍ഷവും നല്‍കിയിരുന്നു. ഇതേ കാരണത്താല്‍ കേരള സര്‍വകലാശാല ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഏപ്രില്‍ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി കഴിഞ്ഞ ദിവസം വീണ്ടും നടത്തിയിരുന്നു.

രണ്ട് സര്‍വകലാശാലകളിലും മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി സര്‍വകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി.സി മാര്‍ പരീക്ഷകള്‍ റദ്ദാക്കിയത്. സര്‍വകലാശാല പഠന ബോര്‍ഡ് ചെയര്‍മാന്മാര്‍ നല്‍കുന്ന പാനലില്‍ നിന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ഒരു അധ്യാപകനെ നിയമിക്കുന്നത്. ചോദ്യകര്‍ത്താവ് തയാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് (പഠന ബോര്‍ഡ്) ചെയര്‍മാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതില്‍ ഒരു ചോദ്യപേപ്പര്‍ ആണ് പരീക്ഷ കണ്‍ട്രോളര്‍ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുതിയ ചോദ്യകര്‍ത്താവും, അത് പരിശോധിച്ച പഠന ബോര്‍ഡിന്റെ ചെയര്‍മാനും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ആരോപിക്കുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷത്തിനും സര്‍വകലാശാലയ്ക്ക് അധിക ചെലവിനും കാരണമാവുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.

താരതമ്യേന ജൂനിയറായ അധ്യാപകരെ രാഷ്ട്രീയ അടിസ്ഥാനത്തില്‍ പഠന ബോര്‍ഡില്‍ ചെയര്‍മാനും അംഗങ്ങളുമായി നിയമിക്കുന്നതാണ് ഇത്തരം ഗുരുതര വീഴ്ചയ്ക്ക് കാരണമാകുന്നത്. ഉത്തരവാദികളായ ചോദ്യകര്‍ത്താക്കളേയും പഠന ബോര്‍ഡ് അംഗങ്ങളെയും പരീക്ഷ ജോലികളില്‍ നിന്ന് സ്ഥിരമായി ഡിബാര്‍ ചെയ്യുവാനും ഇവരുടെ പ്രൊമോഷനുകള്‍ തടയാനും നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ബോട്ടണി
പരീക്ഷയിലും ആവര്‍ത്തനം

സര്‍വകലാശാലയില്‍ മൂന്നാം വര്‍ഷ സൈക്കോളജി പരീക്ഷ ചോദ്യപേപ്പര്‍ ആവര്‍ത്തനത്തിനിടെ ബോട്ടണി ചോദ്യങ്ങളും ആവര്‍ത്തിച്ചതായി ആരോപണം. 21 ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും 2020 ലെ ചോദ്യപേപ്പറില്‍ നിന്നുളളതാണെന്ന് കണ്ടെത്തി. ആള്‍ഗേ ആന്റ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് ആവര്‍ത്തിച്ചത്. വിവാദമായതോടെ കണ്ണൂര്‍ വിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

 

Chandrika Web: