പുതുവത്സരദിനത്തില്‍ ചോരക്കളമായി നിരത്തുകള്‍. സംസ്ഥാനത്ത് വ്യത്യസ്ത വാഹന അപകടങ്ങളിലായി ആറു പേര്‍ മരിച്ചു. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. ഇരുവരും കോളേജ് വിദ്യാര്‍ത്ഥികളാണ്. വെളുപ്പിന് 12.30ന് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസല്‍ (27) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി സുഹൃത്തുക്കള്‍ പുറത്തിറങ്ങിയപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ഫൈസലുമായി കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. 350 അടിയോളം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കാസര്‍കോട് എരുമക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പണാംകോട് കോടോത്ത് സ്വദേശി ബി ഷഫീഖ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെഫീക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയ പാതയില്‍ ആലപ്പുഴ പട്ടണക്കാട്ട് വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. തണ്ണീര്‍മുക്കം അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്റെ ഭാര്യ രതി ആണ് മരിച്ചത്.
തിരുവനന്തപുരം വഴയില ആറാംകല്ല് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അരുവിക്കര – ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. രാത്രി പതിനൊന്നര മണിക്കായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായിരി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
കോഴിക്കോട് താമരശ്ശേരിയില്‍ കാര്‍ ലോറിയിലിടിച്ചു അപകം. കാരാടി വട്ടക്കുണ്ടില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് ബിയര്‍ കുപ്പികളുമായി പോയ ലോറിയിലേക്ക് എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി ലോറി ഡ്രൈവര്‍ വിശദീകരിച്ചു. തൃശ്ശൂര്‍ മിണാലൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നില്‍ വന്ന് ഇടിച്ചത്.