ഹൈദരാബാദ്: തെലുങ്ക് സിനിമ- സിരിയല്‍ താരം നാഗ ഝാന്‍സിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഝാന്‍സി വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരന് ദുര്‍ഗാ പ്രസാദ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ ചവിട്ടി തുറക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഝാന്‍സി ഫ്ലാറ്റില്‍ തനിച്ചായിരുന്നു. ആ സമയത്ത് യുവതി കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി മുറിയില്‍നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി. ഫോണിലെ കോള്‍ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരുകയാണ്.
കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍ നടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആസ്പത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ വഡാലി ഗ്രാമമാണ് നാഗ ഝാന്‍സിയുടെ സ്വദേശം.