ലണ്ടൻ: റയൽ മാഡ്രിഡ് ഫുൾ ബാക്ക് സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസുമായി ഉടക്കിയ താരം വേനൽ ട്രാൻസ്ഫറിൽ ക്ലബ്ബ് മാറാൻ താൽപര്യപ്പെടുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ ടീമുകളാണ് വെറ്ററൻ താരത്തിനു വേണ്ടി രംഗത്തുള്ളത്. ഇറ്റാലിയൻ ഭീമൻമാരായ യുവന്റസും 33-കാരനു പിന്നാലെയുണ്ടെങ്കിലും റാമോസ് ഇംഗ്ലണ്ടിലേക്ക് പോകാനാണ് താൽപര്യം പ്രകടിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
2018-19 സീസൺ റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം വളരെ മോശം കാലയളവായിരുന്നു. സ്പാനിഷ് ലീഗിൽ തുടരെ മുടന്തിയ ടീം ചാമ്പ്യൻസ് ലീഗിൽ താരതമ്യേന ദുർബലരായ അയാക്‌സിനോട് തോറ്റതോടെയാണ് റാമോസ് ക്ലബ്ബ് വിടാൻ തീരുമാനമെടുത്തത്. മത്സരശേഷം ഡ്രസ്സിങ് റൂമിൽ വെച്ച് റാമോസും ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസും തമ്മിൽ പരസ്യമായ വാഗ്വാദം നടന്നിരുന്നു. 14 വർഷം നീണ്ട റയൽ കരിയർ അവസാനിപ്പിക്കാൻ റാമോസ് തീരുമാനിച്ചതിനു പിന്നിൽ ഈ സംഭവമാണെന്നാണ് സൂചന.
പ്രതിരോധം ശക്തമാക്കുന്നതിനായുള്ള കോച്ച് ഒലേ ഗുണാർ സോൾഷേറിന്റെ പദ്ധതികളുടെ ഭാഗമായാണ് മാഞ്ചസ്റ്റർ റാമോസിനു വേണ്ടി രംഗത്തുള്ളതെന്നാണ് സൂചന. പ്രായം 33 ആയെങ്കിലും 67.7 ദശലക്ഷം പൗണ്ട് (561 കോടി രൂപ) എന്ന ഭീമൻ തുക താരത്തിനു വേണ്ടി നൽകാൻ യുനൈറ്റഡ് ഉടമകൾ തയ്യാറാണെന്നാണ് സൂചന.
എന്നാൽ, ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പും സമാന ആവശ്യവുമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലാഹിനെ ഫൗൾ ചെയ്ത് പരിക്കേൽപ്പിച്ച റാമോസ് ലിവർപൂൾ ആരാധകർക്കിടയിൽ വില്ലനാണെങ്കിലും പ്രതിരോധം ശക്തമാക്കാൻ അനുയോജ്യനാണ് താരം എന്നാണ് ക്ലോപ്പ് കണക്കുകൂട്ടുന്നത്.
അതേസമയം, സെർജിയോ റാമോസിനെ തട്ടകത്തിലെത്തിക്കാൻ യുവന്റസും ശ്രമം നടത്തുന്നുണ്ട്. ട്രാൻസ്ഫറും വേതനവുമടക്കം 120 ദശലക്ഷം രൂപയാണ് ഈയിനത്തിൽ യുവെ മാറ്റിവെക്കാനുദ്ദേശിക്കുന്നത്. എന്നാൽ, ഒരു വെറ്ററൻ താരത്തിനു വേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിൽ യുവെ ആരാധകർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.