അര്‍ജന്റ്റീന ഫുട്‌ബോള്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഹൃദയസമ്പന്ധമായ രോഗത്തെ തുടര്‍ന്നാണ് 33കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം. ശരീരം അനുവദിക്കാത്തതിനാലും ഡോക്ടറുടെ നിര്‍ദേശപ്രകാരവുമാണ് വിരമിക്കുന്നതെന്നും താരം വ്യക്തമാക്കി. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ഒക്ടോബര്‍ 31ന് അലവസിനെതിരെയുള്ള മല്‍സരത്തിനിടെ താരം കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ഇനി കളി തുടരാന്‍ സാധിക്കില്ലെന്നും പിന്നാലെ വിരമിക്കല്‍ സൂചനയും താരം ആരാധകര്‍ക്ക് നല്‍കിയിരുന്നു.
ഈ വര്‍ഷമാണ് അഗ്യൂറോ ബാര്‍സലോണയിലേക്ക് ചേക്കേറിയത്. ഇംഗ്ലീഷ് ക്ലബ് മാന്‍ഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ബാര്‍സലോണയില്‍ താരം എത്തിയത്. 10 വര്‍ഷത്തിനടുത്ത് മാന്‍ഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിച്ച അഗ്യൂറോ സിറ്റിയുടെ ഇതിഹാസതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്.
അഗ്യൂറോ അവസാനമായി ഗോള്‍ നേടിയത് ഈ സീസണില്‍ റയല്‍ മാഡ്രിഡിനെതിരെ ബാര്‍സലോണ പരാജയപ്പെട്ട മല്‍സരത്തിലാണ്. 5 മല്‍സരങ്ങളില്‍ മാത്രമാണ് താരം ബാര്‍സക്കായി കുപ്പാഴം അണിഞ്ഞിട്ടുള്ളത്.