X
    Categories: NewsSportsViews

പ്രായം കീഴടങ്ങി, ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ച് സെറീന

മെല്‍ബണ്‍: സെറീന വില്യംസിന് വയസ്സ് 37 കഴിഞ്ഞു. പക്ഷേ, കളിക്കളത്തില്‍ റാക്കറ്റേന്തി നില്‍ക്കുമ്പോള്‍ അവര്‍ക്ക് ഇരുപത് വയസ്സിന്റെ ചെറുപ്പമാണ്. ഓസ്‌ട്രേലിയന്‍ ഓപണില്‍ ലോക ഒന്നാം നമ്പര്‍ താരവും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുമായ സിമോണ ഹാലപ്പിനെ സെറീന തകര്‍ത്തുവിട്ടപ്പോള്‍ പ്രായം ഒരിക്കല്‍ കൂടി തലകുനിച്ചു അമേരിക്കന്‍ താരത്തിന്റെ മുന്നില്‍.

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന, പ്രായം അനുകൂല ഘടകമായുള്ള സിമോണ ഹാലപ്പിനു തന്നെയാണ് ഓസ്‌ട്രേലിയന്‍ ഓപണ്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദഗ്ധരും ടെന്നിസ് പ്രേമികളുമെല്ലാം വ്യക്തമായ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍, കളി തുടങ്ങിയപ്പോള്‍ സെറീന വിശ്വരൂപം പുറത്തെടുത്തു. ആദ്യ സെറ്റ് 6-1 ന് അനായാസം കൈക്കലാക്കി.

രണ്ടാം സെറ്റില്‍ പക്ഷേ, റൊമാനിയന്‍ താരം ശക്തമായി തിരിച്ചുവന്നു. 4-6 ന് സെറ്റ് സ്വന്തമാക്കി. അവസാനഘട്ടം വരെ ഇരുവരും ഒപ്പത്തിനൊപ്പം നിന്നെങ്കിലും സെറീനയുടെ പരിചയ സമ്പത്തിനെ തന്നെ ഞെട്ടിച്ചുകളഞ്ഞൊരു ബാക്ക്ഹാന്റ് ഷോട്ടിലൂടെ ഹാലപ് മുന്‍തൂക്കം നേടി. തൊട്ടടുത്ത സെര്‍വില്‍ വെറ്ററന്‍ താരത്തിന് പിഴക്കുകയും ചെയ്തു.

മൂന്നാം സെറ്റില്‍ തുടക്കത്തില്‍ മുന്‍തൂക്കം ഹാലപ്പിനായിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ 3-2 ന് ലീഡെടുക്കുകയും ചെയ്തു. എന്നാല്‍ 3-3 ഒപ്പം പിടിച്ച ശേഷം സെറീന തകര്‍പ്പന്‍ പ്രകടനത്തോടെ എതിരാളിയുടെ സര്‍വ് ഭേദിച്ചു. ഒരു ഗെയിം കൂടി സ്വന്തമാക്കി 5-3 ലെത്തിയ സെറീന തൊട്ടടുത്ത ഗെയിം വിട്ടുകൊടുത്ത ശേഷം നിര്‍ണായക സെറ്റ് സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

വാശിയേറിയ പോരാട്ടത്തിലും ഉന്നതമായ കായികബഹുമാനമാണ് ഇരുവരും പരസ്പരം പുലര്‍ത്തിയത്. സമ്മര്‍ദം നിറഞ്ഞുനിന്ന മൂന്നാം സെറ്റില്‍ ഹാലപ്പിന്റെ ഒരു ബാക്ക്ഹാന്റ് റിട്ടേണ്‍ തന്നെ കീഴടക്കിയപ്പോള്‍ കയ്യടിക്കാന്‍ മറന്നില്ല സെറീന. ഒടുവില്‍ അര്‍ഹിച്ച ജയം സ്വന്തമാക്കിയ അവര്‍ തന്റെ 50-ാം ഗ്രാന്റ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടമുറപ്പിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: