X
    Categories: Newsworld

സെപ്തംബര്‍ 11: അമേരിക്കയെ ഞെട്ടിച്ച ഭീകര ദിനത്തിന് 21 ആണ്ട്

ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണങ്ങള്‍ക്ക് ഇന്നേക്ക് 21 വയസ്. 2001 സെപ്തംബര്‍ 11ന് യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച് ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രവും യു.എസ് പ്രതിരോധ ആസ്ഥാനവും ഉള്‍പ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നടന്ന ആക്രമങ്ങള്‍ക്ക് ലോകചരിത്രത്തില്‍ സമാനതകളില്ല.

ലോക വ്യാപാര കേന്ദ്രത്തിന്റെ കൂറ്റന്‍ ഇരട്ട ടവറുകളാണ് വിമാനങ്ങള്‍ ഇടിച്ചിറക്കി തകര്‍ത്തത്. അതിനുശേഷം അമേരിക്ക ലോകമെങ്ങും ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയെങ്കിലും ആരാണ് ആക്രമണം നടത്തിയതെന്ന ചോദ്യം ഇന്നും ഉത്തരമില്ല. 3000ത്തോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. തീവ്രവാദ സംഘടനയായ അല്‍ഖാഇദയാണ് ചാവേറുകളെ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് യു.എസ് വാദിക്കുമ്പോഴും കുറ്റക്കാരെ ഇതുവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല.

ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെ അഞ്ചുപേര്‍ ഇപ്പോഴും ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ തടങ്കല്‍ പാളയത്തില്‍ കഴിയുകയാണ്. ഇവരെ സൈനിക ട്രൈബ്യൂണല്‍ മുമ്പാകെ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും വിചാരണ അറ്റമില്ലാതെ നീണ്ടുപോകുകയാണ്. ഗ്വാണ്ടനാമോയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് വിദേശത്തെ രഹസ്യ തടവറകളിലാണ് ഖാലിദിനെയും സഹ കുറ്റവാളികളെയും താമസിപ്പിച്ചിരുന്നത്. സി.ഐ.എ ഉദ്യോഗസ്ഥര്‍ ഖാലിദിനെ 183 തവണ വാട്ടര്‍ബോഡിങിന് വിധേയനാക്കി ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. വിചാരണ സിവിലിയന്‍ കോടതിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടപടികള്‍ വഴിമുടക്കി നില്‍ക്കുന്നു.

Test User: