സൂറിച്ച്: ഫിഫ മുന്‍ പ്രസിഡണ്ട് സെപ് ബ്ലാറ്ററിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ താരം ഹോപ് സോളോ രംഗത്ത്. 2013 ബാളന്‍ ഡിഓര്‍ വിതരണ ചടങ്ങിനിടെ ബ്ലാറ്റര്‍ ലൈംഗികമായി കയ്യേറ്റം ചെയ്തുവെന്ന് ഒരു പോര്‍ച്ചുഗീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സോളോ പറഞ്ഞു. സെപ് ബ്ലാറ്റര്‍ തന്റെ പിറകുവശത്ത് കൈയമര്‍ത്തി എന്നാണ് 36-കാരി വ്യക്തമാക്കിയിരിക്കുന്നത്. ആരോപണം അസംബന്ധമാണെന്ന് ബ്ലാറ്റര്‍ പറഞ്ഞു.
2012-ലെ മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സമ്മാനിച്ചത് ബ്ലാറ്ററും ഹോപ് സോളോയും ചേര്‍ന്നായിരുന്നു. അമേരിക്കന്‍ ടീമിലെ സോളോയുടെ സഹതാരവും സ്‌ട്രൈക്കറുമായ ആബി വാംബാച്ചിനായിരുന്നു പുരസ്‌കാരം. പുരസ്‌കാരം നല്‍കുന്നതിനായി വേദിയിലേക്ക് വരുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ബാക്ക്‌റൂമില്‍ വെച്ചായിരുന്നു സംഭവമെന്നും അവാര്‍ഡ് ദാന ചടങ്ങ് നടക്കുകയായിരുന്നതിനാല്‍ താന്‍ പണിപ്പെട്ടാണ് അസ്വസ്ഥത അടക്കിയതെന്നും സോളോ പറയുന്നു. മത്സര വേദിയിലേക്ക് സോളോ മുന്നിലും ബ്ലാറ്റര്‍ പിന്നിലുമായാണ് പ്രവേശിച്ചതെന്ന് വീഡിയോകളിലുണ്ട്.
ഹോളിവുഡിലെ ലൈംഗികാതിക്രമ സംഭവങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ഫുട്‌ബോളിലും സമാനമായ അനുഭവങ്ങളുണ്ടെന്ന് സോളോ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. യു.എസ് ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറായ അവര്‍ 2008, 2012 ഒൡപിക്‌സുകളും 2015 ലോകകപ്പും നേടിയ ടീമില്‍ അംഗമാണ്. പരിശീലകരും ഡോക്ടര്‍മാരും കോച്ചുമാരും എക്‌സിക്യൂട്ടീവുമാരും സഹതാരങ്ങള്‍ പോലും വനിതാ കളിക്കാരെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും പരാതി നല്‍കിയാലും പ്രത്യേകിച്ച് ഫലമുണ്ടാകാറില്ലെന്നും അവര്‍ പറഞ്ഞു.
81-കാരനായ ബ്ലാറ്റര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പെടുന്നത് ഇതാദ്യമായല്ല. 1998 മുതല്‍ 2015 വരെ ലോകഫുട്‌ബോളിലെ പരമോന്നത പദവിയിലിരുന്ന ബ്ലാറ്റര്‍, 2004-ല്‍ വനിതാ കളിക്കാരുടെ വസ്ത്രധാരണത്തെപ്പറ്റി നടത്തിയ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. വനിതാ മത്സരങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകണമെങ്കില്‍ വോളിബോളിലേതു പോലെ ഫുട്‌ബോളിലും വനിതകള്‍ ഇറുകിയ ഷോര്‍ട്‌സുകള്‍ ധരിക്കണമെന്നായിരുന്നു ബ്ലാറ്ററുടെ പ്രസ്താവന. 2013-ല്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഒരു വനിതയെപ്പറ്റി ‘നല്ലവരും കാണാന്‍ കൊള്ളാവുന്നവരും’ എന്നും ബ്ലാറ്റര്‍ പരാമര്‍ശിച്ചു. ഇതിനു പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളെ അഭിനന്ദിക്കവെ ‘വീട്ടില്‍ മാത്രമല്ല നിങ്ങള്‍ക്ക് ഇവിടെയും സംസാരിക്കാം’ എന്നും ബ്ലാറ്റര്‍ പറഞ്ഞു.