അന്‍വര്‍ നഹ
മുസ്‌ലിംകള്‍ സിവില്‍ സര്‍വീസുകളിലേക്ക് നുഴഞ്ഞുകയറുകയാണ് എന്നാരോപിക്കുന്ന സുദര്‍ശന്‍ ടി.വിയിലെ ബിന്ദാസ് ബോല്‍ എന്ന പരിപാടിയുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ വാരം ഉത്തരവിട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയാമെന്ന് കരുതരുതെന്നാണ് കോടതി നിരീക്ഷിച്ചത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളെയാണ് നിയന്ത്രിക്കേണ്ടതെന്ന വാദമാണ് കോടതിയില്‍ നിരത്തിയത്. എന്തായാലും ഈ സംഭവവും ഇതുവഴി മൂടിവെക്കപ്പെടുന്ന യാഥാര്‍ഥ്യവും വൈകിയാണെങ്കിലും വെളിയിലാവുന്നത് അല്‍പം ആശ്വാസം പകരുന്നുണ്ട്.
ആര്‍.എസ്.എസ് അധീനതയിലുള്ള സങ്കല്‍പ്പ് ഫൗണ്ടേഷനില്‍ നിന്നാണത്രെ ഈ വര്‍ഷം സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിയും. ലിസ്റ്റില്‍ 5 ശതമാനം മാത്രമാണ് മുസ്‌ലിം നാമധാരികളെങ്കിലുമുള്ളത്. സ്വതന്ത്ര ഭാരതത്തില്‍ ഒരിക്കല്‍പോലും ജനസംഖ്യാനുപാതികമായി മുസ്‌ലിംകള്‍ സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സുദര്‍ശന്‍ ടി.വിയുടെ ഉദ്ദേശം സങ്കല്‍പ്പ് ഫൗണ്ടേഷന്റെ വര്‍ധിച്ചുവരുന്ന സ്വാധീനം മറച്ചുവെക്കാനാണെന്ന് നിസ്സംശയം മനസ്സിലാക്കാം.
നാനാ ജാതി മത വൈവിധ്യങ്ങള്‍ക്കിടയില്‍ അഖണ്ഡഭാരതമെന്ന ആശയത്തെ നിലനിര്‍ത്തുന്ന ഇരുമ്പ് കവചമാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്നതാണെങ്കിലും രാജ്യത്തൊരു നിയമം പുലരാനും കെട്ടുറപ്പിനുമെല്ലാമായി സ്വാതന്ത്ര്യാനന്തര ഭാരതത്തിലും സിവില്‍ സര്‍വീസസ് അഭിവാജ്യഘടകമായി തുടര്‍ന്നു. പക്ഷപാതിത്വമില്ലാത്ത തെരഞ്ഞെടുപ്പ് സംവിധാനവും ഏവര്‍ക്കും മത്സരിക്കാവുന്ന വേദിയൊരുക്കിയതുമെല്ലാം സിവില്‍ സര്‍വീസസിനെ വേറിട്ട്‌നിര്‍ത്തിയ ഘടകങ്ങളായിരുന്നു. സര്‍ക്കാരുകളൊന്നും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടില്ല. എന്നാല്‍ ഈ അലിഖിത വ്യവസ്ഥകളെ കാറ്റില്‍ പറത്തുന്ന തെളിവുകളാണ് സങ്കല്‍പ്പ് ഫൗണ്ടേഷന്റെ റിസള്‍ട്ട് വ്യക്തമാക്കി തരുന്നത്. ജനാധിപത്യ ഭരണ വ്യവസ്ഥയെ മുതലെടുക്കുന്നതിന് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ബാങ്ക് സ്വന്തമാക്കിയശേഷം ഇപ്പോഴിതാ രാജ്യത്തിന്റെ ഭരണ വ്യവസ്ഥയുടെ നട്ടെല്ലായ സിവില്‍ സര്‍വീസസിലും ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ സൗകര്യപൂര്‍വം വിസ്മരിച്ച് അജണ്ടകള്‍ നടപ്പിലാക്കുന്ന ആര്‍.എസ്.എസിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരു ഭാരതീയനും അഭിമാനം കൊള്ളാനാകില്ല.
മുസ്‌ലിംകളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം രാജ്യത്തെ ദലിത് സമൂഹവും മറ്റു കീഴാളവര്‍ഗങ്ങളുമാണ്. എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്തി ഏകഭാരതം സൃഷ്ടിക്കുന്ന കൂട്ടത്തില്‍ ഭാരതമെന്ന ആശയത്തെതന്നെ ബലി കഴിക്കുന്ന അജണ്ടകള്‍ക്കെതിരെ ശബ്ദമുയരേണ്ടതുണ്ട്. സിവില്‍ സര്‍വീസ് മേഖലയില്‍ നിന്നുള്ള ഈ വാര്‍ത്ത അതിനാല്‍തന്നെ അത്യന്തം ആശങ്കാജനകമാണ്. ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമെല്ലാം വിഭാവനം ചെയ്ത ഇന്ത്യയെന്ന ആശയത്തെ രാജ്യത്തെ ഒറ്റുകൊടുത്ത സവര്‍ക്കറിന്റെ പിന്മുറക്കാര്‍ കശാപ്പ് ചെയ്യുന്നതിനെതിരെ കണ്‍തുറന്ന് കാവലിരിക്കേണ്ടിയിരിക്കുന്നു.