X
    Categories: columns

കോവിഡ് കാലത്തെ പിന്നണി പോരാളികള്‍

ബഷീര്‍ കൊടിയത്തൂര്‍

ആരോഗ്യമേഖലയില്‍ മരുന്നിന്റെ സ്ഥാനം സുപ്രധാനമാണ്. കോവിഡ് പോലുള്ള പുതിയ രോഗങ്ങള്‍ ലോകം കീഴടക്കുമ്പോഴും അതിനെതിരെ പ്രായോഗിക പ്രതിരോധമൊരുക്കുന്നതില്‍ മുഖ്യസ്ഥാനം വഹിക്കുന്നവരാണ് മരുന്നു മേഖല കൈകാര്യം ചെയ്യുന്ന ഫാര്‍മസിസ്റ്റുമാര്‍. ഡോക്ടര്‍ കഴിഞ്ഞാല്‍ രോഗികളുമായി ഏറ്റവും അടുത്ത് പെരുമാറുന്നത് ഫാര്‍മസിസ്റ്റുമാരാണ്. ഡോക്ടറെ കാണുന്ന ഓരോരുത്തര്‍ക്കും മരുന്നും നിര്‍ദേശങ്ങളും നല്‍കുന്നതിനുപുറമെ ആസ്പത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികില്‍സാസൗകര്യങ്ങള്‍ ഒരുക്കുകയും അത് പരിപാലിക്കുകയും ചെയ്യേണ്ടത് ഈ വിഭാഗത്തിന്റെ ചുമതലയാണ്. കോവിഡ് കാലത്ത് ആസ്പത്രികള്‍ക്കുപുറമെ കോവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിച്ചപ്പോള്‍ അവിടേക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യുന്നത് ഫാര്‍മസി മേഖലയാണ്.

ലോകമെങ്ങും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരോടൊപ്പം തോളോട്‌തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് ഫാര്‍മസിസ്റ്റുമാര്‍. കോവിഡിന് മരുന്നു ലഭ്യമാല്ലാതിരുന്നിട്ടും രോഗ ചികില്‍സക്കും പ്രതിരോധത്തിനും സാധ്യമായ തരത്തിലുള്ള മരുന്നുകളുടെ ഏകീകരണവും വിതരണവും സാധ്യമാക്കി ഇവര്‍ പിന്നണിയിലെ പോരാളികളായി മാറി. അതുകൊണ്ട്തന്നെ ലോകത്തിന്റെ ആദരം ഇവരേറ്റു വാങ്ങി. കോവിഡ് രംഗത്ത് ഫാര്‍മസി മേഖലയുടെ സേവനത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേകം അനുമോദിച്ചു.
ആഗോള ആരോഗ്യരംഗം പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഗോള ഫാര്‍മസിസ്റ്റ് സംഘടനയായ ഫെഡറേഷന്‍ ഇന്റര്‍ നാഷണല്‍ ഫാര്‍മസിസ്റ്റിന്റെ നേതൃത്വത്തില്‍ വിപുലമായ നവീകരണ ആശയങ്ങളാണ് രാജ്യങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

മാറ്റത്തിന്റെ കാലത്തും കടുത്ത വെല്ലുവിളികള്‍ നേരിടുന്നവരാണ് ഫാര്‍മസിസ്റ്റുമാര്‍. കാലത്തിനുസരിച്ചുള്ള മാറ്റമോ പരിഗണനയോ ഇവര്‍ക്ക് സര്‍ക്കാര്‍ തലങ്ങളില്‍ ഇല്ല എന്നത് ഖേദകരമാണ്. കോവിഡ് പ്രതിരോധ കാലത്തും കേരളത്തില്‍ ഫാര്‍മസിസ്റ്റുകളെ അവഗണിക്കുന്ന നയമാണ് തുടര്‍ന്നത്. കോവിഡ് പ്രതിരോധത്തിന് ആരോഗ്യമേഖലയില്‍ എല്ലാതരം ജീവനക്കാരെയും ആവശ്യത്തിലും കൂടുതല്‍ നിയമിച്ചപ്പോള്‍ ഫാര്‍മസി മേഖലയില്‍ നിയമനം നടത്തിയില്ലെന്ന് മാത്രമല്ല അധിക ചുമതല നല്‍കുകയാണ് ചെയ്തത്. കോവിഡ് ഫസ്റ്റ്‌ലൈന്‍ ചികില്‍സാകേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയത് താല്‍ക്കാലികമായിട്ടാണെങ്കിലും ഒരു ആസ്പത്രിക്കുവേണ്ട എല്ലാ സൗകര്യങ്ങളോടെയുമായിരുന്നു.

അവിടേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിങ് സ്റ്റാഫിനെ വരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും സുരക്ഷാസംവിധാനങ്ങളുടെയും ചുമതലയും കണക്കും സൂക്ഷിക്കേണ്ട സുപ്രധാന വിഭാഗമായ ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല. പകരം തൊട്ടടുത്ത ആസ്പത്രിയിലെ ഫാര്‍മസിസ്റ്റുമാര്‍ക്ക് അധിക ചുമതല നല്‍കുകയാണ് ചെയ്തത്. തങ്ങള്‍ ജോലി ചെയ്യുന്ന ആസ്പത്രിയില്‍ തന്നെ എടുത്താല്‍ തീരാത്ത ജോലി ഭാരത്തില്‍ നട്ടംതിരിയുമ്പോഴാണ് ഈ അധികഭാരം വന്നുപെട്ടത്. എങ്കിലും ഫാര്‍മസിസ്റ്റുമാര്‍ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു എന്നതാണ് ഇവരെ വേറിട്ടുനിര്‍ത്തുന്നത്. യാത്രാദുരിതവും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ഉണ്ടായിട്ടും ജോലി സമയം നോക്കാതെ അവര്‍ ആ ചുമതല വഹിക്കുന്നു. മറ്റുവകുപ്പിലെ ജീവനക്കാര്‍ കോവിഡ് കാലം വീട്ടിലിരുന്നപ്പോഴാണ് ആരോഗ്യരംഗത്തെ ഈ ജീവനക്കാരുടെ പ്രവര്‍ത്തനമെന്ന് ശ്രദ്ധേയമാണ്.

 

Test User: