X
    Categories: columns

ഇതാ എഞ്ചിനീയർമാരുടെ എഞ്ചിനീയർ

എഞ്ചിനീയര്‍ പി. മമ്മത്‌കോയ

ഇന്ത്യ സെപ്തംബര്‍ 15 നാണ് എഞ്ചിനീയേഴ്‌സ് ഡേ ആചരിക്കുന്നത്. ലോകം കണ്ട എക്കാലത്തെയും പ്രഗത്ഭനായ എഞ്ചിനീയറും സാമ്പത്തിക വിദഗ്ധനുമായ സര്‍ ഡോ. മോക്ഷഗുണ്ഠം വിശ്വേശ്വരയ്യ എന്ന പ്രതിഭയുടെ ജന്മദിനമാണന്ന്. ആധുനിക ഇന്ത്യയുടെ പുനര്‍ നിര്‍മ്മിതിക്ക് മഹത്തായ സംഭാവനകളര്‍പ്പിച്ച സര്‍ എം.വി എന്നറിയപ്പെടുന്ന വിശ്വേരശ്വയ്യ ബാംഗഌരിലെ മുദ്ദനഹള്ളി എന്ന ഗ്രാമത്തില്‍ 1860 സെപ്തംബര്‍ 15നാണ് ജനിച്ചത്.

ബാംഗഌരിലെ സെന്‍ട്രല്‍ കോളജില്‍ നിന്നും മദ്രാസിലെയും ബോംബെയിലെയും യൂണിവേഴ്‌സിറ്റികളിലുംനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശ്വേശ്വരയ്യ പൂനയിലെ കോളജ് ഓഫ് എഞ്ചിനീയറിങ് ബിരുദമെടുത്ത് ആ വര്‍ഷംതന്നെ സര്‍ക്കാര്‍ സര്‍വീസില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി നേരിട്ടുള്ള നിയമനം മൈസൂര്‍ നഗരത്തെ ആകര്‍ഷകമാക്കി രൂപകല്‍പന ചെയ്യുകയും കര്‍ണ്ണാടക സംസ്ഥാനത്തെ മാതൃക സംസ്ഥാനമാക്കി മാറ്റുകയും ചെയ്തു. അനേകം ഡാമുകള്‍, പാലങ്ങള്‍, റോഡുകള്‍, റെയില്‍വെ ലൈനുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ നേതൃത്വം കൊടുക്കുകയും ചെയ്ത സര്‍ എം.വിയെ തേടി ഒട്ടനവധി അംഗീകാരങ്ങള്‍ വന്നു. 1921 ല്‍ മൈസൂരിന്റെ 19-ാമത്തെ ദിവാനായി അവരോധിച്ചു. ബ്രിട്ടീഷ് ഭരണാധികാരിയായ കിങ്ങ് ജോര്‍ജ് 5-ാമനില്‍നിന്ന് സര്‍ ബഹുമതി, അനേകം സര്‍വകലാശാലകളില്‍നിന്ന് ഹോണററി ഡോക്ടറേറ്റ്, ലണ്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിവില്‍ എഞ്ചിനീയേഴ്‌സില്‍നിന്ന് ഹോണററി മെമ്പര്‍ഷിപ്പ്, ജന്മ നാടിന്റെ ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്‌ന. സര്‍ മോക്ഷഗുണ്ഠം വിശ്വേശ്വരയ്യയുടെ സാങ്കേതിക മികവിന്റെ ഉദാഹരണങ്ങള്‍ അനവധിയാണ്.

ലോകത്ത് ആദ്യമായി ഓട്ടോമാറ്റിക് #ഡ് ഗേറ്റ് ഡിസൈന്‍ ചെയ്യുകയും പൂനയിലെ കഥക് വാസല റിസര്‍വോയറില്‍ സ്ഥാപിച്ച് മാതൃക സൃഷ്ടിക്കുകയും ചെയ്തു. ഡാമിന്റെ ഉയരം കൂടാതെ സ്റ്റോറേജ് കപ്പാസിറ്റി വര്‍ധിപ്പിക്കാവുന്ന ഈ സാങ്കേതികത ലോകം മുഴുവനും സ്വീകരിച്ചു. ഡാമുകളില്‍ മഴക്കാലത്ത് അമിതമായ നിറഞ്ഞൊഴുക്ക് തടയുന്നതിന് ഓട്ടോമാറ്റിക് ബ്ലോക് സിസ്റ്റം അദ്ദേഹമാണ് കണ്ടുപിടിച്ചത്. മൈസൂരിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടും വൃന്ദാവന്‍ ഗാര്‍ഡനും ഡിസൈന്‍ ചെയ്യുകയും നിര്‍മ്മാണ ചുമതല വഹിക്കുകയും ചെയ്തു. ഹൈദരാബാദ് നഗരത്തിന് സമഗ്രമായ വികസന പദ്ധതി തയ്യാറാക്കി അതോടൊപ്പം മൂസി നദിയില്‍നിന്ന് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിന് പ്രളയ സുരക്ഷാസിസ്റ്റം സംവിധാനിച്ച് സിറ്റിയെ വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷിക്കുകയും ചെയ്ത് തിരുമല-തിരുപ്പതി റോഡ് നിര്‍മ്മാണത്തിന് ബൃഹത്തായ രൂപ രേഖയുണ്ടാക്കി. കര്‍ണ്ണാടകയിലെ സുക്കൂര്‍ മുനിസിപ്പാലിറ്റിക്ക്‌വേണ്ടി ജല വിതരണ പദ്ധതി തയ്യാറാക്കി. വിശാഖപട്ടണം തുറമുഖത്ത് സീ എറോഷന്‍ തടയുന്നതിന് പ്രൊട്ടക്ഷന്‍ സിസ്റ്റം ഉണ്ടാക്കി.

രാജ്യത്തിന്റെ സമഗ്ര വികസനത്തിന് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച സര്‍ എം.വി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് 34 വര്‍ഷങ്ങള്‍ക്ക്‌ശേഷം ചീഫ് എഞ്ചിനീയറായി സ്വയം വിരമിക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ സേവനം രാജ്യത്തിലെ വ്യാവസായിക, വിദ്യാഭ്യാസ മേഖലകളില്‍ അനസ്യൂതം തുടര്‍ന്നു. മൈസൂര്‍ സോപ്പ് ഫാക്ടറി, ഭദ്രാവതിയിലെ മൈസൂര്‍ അയേണ്‍ ആന്റ് സ്റ്റീല്‍ വര്‍ക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിപ്പിച്ച സംരംഭങ്ങളാണ്. ശ്രീ ജയചാമ രാജേന്ദ്ര പോളിടെക്‌നിക് മൈസൂര്‍ സര്‍വകലാശാല, ബാംഗ്ലൂര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ അനേകം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ വിശ്വേശ്വരയ്യ തുടക്കം കുറിച്ചു. രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച ഈ ഐഡിയല്‍ സിവില്‍ എഞ്ചീനിയറില്‍നിന്ന് പുതു തലമുറക്ക് പഠിക്കാനും പകര്‍ത്താനും ധാരളം അനുകരണീയ മാതൃകകളുണ്ട്.

ഒരു വ്യക്തി എന്ന നിലയില്‍ ആകര്‍ഷണീയമായ പെരുമാറ്റത്തിന്റെ ഉടമയായിരുന്നു സര്‍ എ.വി. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം പൂര്‍ണ്ണതയോടും ഭംഗിയായും ചെയ്യുന്ന തികഞ്ഞ പെര്‍ഫക്ഷനിസ്റ്റ് ആയിരുന്നു. വര്‍ക്ക് സെറ്റിലായാലും ഓഫീസിലായാലും വലിയ ഔദ്യോഗിക ഫങ്ഷനുകളിലായാലും വളരെ ആകര്‍ഷകമായി വസ്ത്രം ധരിക്കുമായിരുന്നു. 92-ാ മത്തെ വയസ്സിലാണ് ബീഹാറിലെ രാജേന്ദ്ര സേത്തു പാല നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുന്നത്. 102-ാം വയസ്സില്‍ 1962 ല്‍ ഈ ലോകത്തോട് വിടപറയുന്നത്‌വരെ ഇന്ത്യന്‍ എഞ്ചിനീയറിങിന്റെ കീര്‍ത്തി ദിഗന്തങ്ങളോളമെത്തിച്ച ആ മഹാനുഭാവനുളള ശ്രദ്ധാജ്ഞലിയാണ് അദ്ദേഹത്തിന്റെ ജന്മദിനം എഞ്ചിനിയേഴ്‌സ് ഡേ ആയി ആചരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യ മാത്രമല്ല ശ്രീലങ്കയും, ടാന്‍സാനിയയും. നൂതന സാങ്കേതികതയെ പൊതുസമൂഹത്തിന് ഉപകാരപ്രദമായ വിധത്തില്‍ പരിവര്‍ത്തിപ്പിച്ച് പ്രായോഗികമാക്കാനും രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ആത്മാര്‍പ്പണത്തോടെ ഇടപെടാനും പുതുതലമുറയിലെ എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പ്രചോദനമേകുന്നതാണ് സര്‍ മോക്ഷഗുണ്ഠം വിശ്വേശ്വരയ്യയുടെ ജീവിതവും കര്‍മ്മമണ്ഡലവും.

 

Test User: