ഇ സാദിഖ് അലി
1935 ല്‍ കേന്ദ്ര നിയമ നിര്‍മ്മാണ സഭയിലേക്ക് വാശിയേറിയ മത്സരം നടന്നു. കെ.എം സീതി സാഹിബിന്റെ സതീര്‍ഥ്യനും സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സത്താര്‍സേട്ട് സാഹിബും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഈ തെരഞ്ഞെടുപ്പില്‍ ചന്ദ്രിക ആരുടെ പക്ഷത്ത് നില്‍ക്കുമെന്നായിരുന്നു എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്നൊരു ചോദ്യം. അര്‍ഥശങ്കക്കിടയില്ലാത്തവിധം ചന്ദ്രിക നിസ്സങ്കോചമായ തീരുമാനമെടുത്തു. ഹാജി സത്താര്‍ സേട്ടു സാഹിബിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സത്താര്‍ സേട്ടു സാഹിബും തമ്മില്‍ നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ചന്ദ്രിക അല്പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നതൊഴിച്ചാല്‍ പിന്നീടൊരിക്കലും ഈ സാമുദായിക പത്രം നിര്‍ത്തിവെച്ചിട്ടില്ല.
സി.പി മമ്മുക്കേയി, ഏ.കെ കുഞ്ഞിമായിന്‍ ഹാജി, സത്താര്‍ സേട്ടു, കെ.എം സീതി സാഹിബ് എന്നിവര്‍ അതിന് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ വളരെ വലുതാണ്. ചന്ദ്രികയുടെ എല്ലാമെല്ലാമായി മാറിയ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിങ്ങനെ വിവരിക്കുന്നു: ‘എന്നാല്‍ സീതി സാഹിബിന്റെയും മറ്റും പരിശ്രമ ഫലമായി പത്രം പുന:നാരംഭിക്കാന്‍ തന്നെ തീരുമാനിച്ചു. സി.പി മമ്മുക്കേയി, സത്താര്‍ സേട്ടു, ഏ.കെ കുഞ്ഞിമായിന്‍ ഹാജി, കടാരന്‍ അബ്ദുറഹിമാന്‍ ഹാജി, മുക്കാട്ടില്‍ മൂസ്സ എന്നിവര്‍ 500 രൂപ വീതം മുടക്കി 400 വരിക്കാരെയും ചേര്‍ത്ത് ശുഭാപ്തി വിശ്വാസത്തോടെ ചന്ദ്രിക വീണ്ടും പുറത്തിറക്കാന്‍ തുടങ്ങി. ഒരു കൊല്ലം കൊണ്ട് വരിക്കാരുടെ സംഖ്യ ആറിരട്ടിയായി. പത്രത്തിന് നല്ല ആദായമുണ്ടായി. ഈ കാലങ്ങളിലൊക്കെയേര്‍പ്പെട്ട രാഷ്ട്രീയവും സാമുദായികവുമായ സമരങ്ങളില്‍ ചന്ദ്രികക്ക് കാര്യമായ പിന്‍ബലം നല്‍കിയത് കെ.എം സീതി സാഹിബിന്റെ കരുത്തുറ്റ തൂലികയായിരുന്നുവെന്ന സംഗതി സ്മരണീയമാണ്. ‘അല്‍ അമീന്‍’, ‘മാതൃഭൂമി’ മുതലായ പത്രങ്ങളുടെ വായ്ത്തല മടക്കിയത് ആ അജയ്യമായ തൂലികയാണെന്ന വസ്തുത അധികമാളുകളും അറിഞ്ഞിരിക്കുകയില്ല’.
1939 ല്‍ രണ്ടാം ലോകമഹാ യുദ്ധം പൊട്ടിപ്പുറപ്പെട്ട പരിതസ്ഥിതിയിലുണ്ടായ കടലാസിന്റെ പഞ്ഞവും തുടര്‍ന്നുണ്ടായ വെറിയും നിമിത്തം പത്രം വരികയാക്കി മാറ്റേണ്ടിവന്നു. ഇത് കേരളത്തിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തെയും ബാധിച്ചു. ഒരു ദിനപത്രത്തിന്റെ അഭാവം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കിയ നേതാക്കള്‍ക്ക് തല്‍ക്കാലം ക്ഷമിക്കുക മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളു. ആ പ്രതികൂല സാഹചര്യത്തിലും വാരിക തുടര്‍ന്ന് നടത്തുന്നതില്‍ അന്നത്തെ പത്രാധിപര്‍ കാണിച്ച ഉത്സാഹവും ത്യാഗവും പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. ദരിദ്രമായ കുട്ടിക്കാലത്ത് തുടങ്ങി 40 കൊല്ലക്കാലം ഇല്ലായ്മയിലും വല്ലായ്മയിലും ഭാഗവാക്കായി, പത്രത്തെ പുരോഗതിയിലെത്തിക്കാന്‍ നിസ്വാര്‍ത്ഥമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിച്ച പത്രാധിപര്‍ വി.സി അബൂബക്കര്‍ സാഹിബ് ചന്ദ്രികയുടെ പഴയ കാലത്തെക്കുറിച്ച് സ്മരിച്ചതിങ്ങനെ: ‘പത്രം അടിച്ച് കഴിഞ്ഞാല്‍ എഡിറ്റോറിയല്‍ സ്റ്റാഫിലെയും മാനേജിങ് സ്റ്റാഫിലെയും അംഗങ്ങള്‍ തന്നെ എണ്ണിത്തിട്ടപ്പെടുത്തി അട്ടി വെക്കാനും പോസ്റ്റല്‍ ചെയ്യാനുള്ളവ മടക്കി സ്റ്റാമ്പൊട്ടിച്ച് പുറത്തേക്ക് കൊണ്ട്‌പോകാനും സഹകരിക്കാറുള്ളത് മനസ്സിലിന്നും പച്ചപിടിച്ച് നില്‍ക്കുന്നു. 1932-33ലാണെന്ന് തോന്നുന്നു, തലശ്ശേരിയില്‍ നിന്ന് തയ്യിലക്കണ്ടി സി മുഹമ്മദ്, മുക്കാട്ടുമ്പ്രത്ത് മൊയ്തു തുടങ്ങി നാലഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആവശ്യമായ മൂലധനമോ മറ്റ് സൗകര്യങ്ങളൊയില്ലാതെ ഒരു നേരമ്പോക്കെന്നോണമാണ് ചന്ദ്രിക വാരാന്ത പത്രമായി തുടങ്ങിയത്. അവരുടെ തന്നെ കൂട്ടത്തില്‍ പെട്ട കമാല്‍ മൊയ്തു എന്നൊരു സ്‌നേഹിതന്റെ ഹാന്‍ഡ് പ്രസ്സിലായിരുന്നു അച്ചടി. ഞാനന്ന് വിദ്യാര്‍ത്ഥിയായിരുന്നു’.