ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും സുപ്രീംകോടതിയില്‍ ആഞ്ഞടിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്റെ അഭിഭാഷകര്‍ വിമര്‍ശനമുന്നയിച്ചത്. ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് ടി.പി സന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ഇരുവിഭാഗവും തമ്മലില്‍ രൂക്ഷ വാദപ്രതിവാദമാണ് ഇന്നലെ സുപ്രീംകോടതിയില്‍ നടന്നത്.
2016 മെയില്‍ നിയസമഭാ തെരഞ്ഞെടുപ്പ് നടന്നതുകൊണ്ടു മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ചൊഴിയേണ്ട നാണക്കേടില്‍നിന്ന് രക്ഷപ്പെട്ടതെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാല്‍വെ വാദിച്ചു. 130 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. പ്രമാദമായ ജിഷ കൊലക്കേസ് അന്വേഷണത്തിലും പൊലീസിന് പാളിച്ചയുണ്ടായി. പ്രതിഷേധം തുടര്‍ന്നിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് രാജിവെക്കേണ്ടി വരുമായിരുന്നു. തെരഞ്ഞെടുപ്പ് വന്നതുകൊണ്ട് മാത്രമാണ് ആ സാഹചര്യം ഒഴിവായത്. പൊലീസിനുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം ടി.പി സെന്‍കുമാറിനുണ്ട്. അതുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തോട് ഒഴിയാന്‍ പറഞ്ഞത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു ദിവസത്തിനകം സെന്‍കുമാറിനെ മാറ്റുകയും പുതിയ ഡി.ജി.പിയെ നിയമിക്കുകയും ചെയ്തു. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ സി.എം.ഡി ആയിട്ടാണ് സെന്‍കുമാറിനെ മാറ്റി നിയമിച്ചത്. സ്ഥലം മാറ്റിയതല്ലാതെ സെന്‍കുമാറിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടില്ല. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന പദവിയും അതേ ആനുകൂല്യങ്ങളും നല്‍കിയാണ് പുതിയ പദവിയില്‍ നിയോഗിച്ചതെന്നും ഹരീഷ് സാല്‍വെ വാദിച്ചു.
എന്നാല്‍ സെന്‍കുമാര്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദുശ്യന്ത് ദവെ വാദിച്ചു. നൂറു കണക്കിന് കിലോമീറ്ററുകള്‍ അപ്പുറത്തുണ്ടായ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് തന്റെ കക്ഷി എങ്ങനെ ഉത്തരവാദിയാകും-ദവെ ചോദിച്ചു.
പൊലീസ് നിഷ്‌ക്രിയമാണെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നെന്നും ക്യാപ്റ്റന്‍ തന്നെ കപ്പല്‍ മുക്കുന്ന സ്ഥിതായിരുന്നുവെന്നും പറഞ്ഞ് സാല്‍വെ ഇതിനെ ഖണ്ഡിക്കാന്‍ ശ്രമിച്ചു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ ഉണ്ടായതെന്നും നിങ്ങളുടെ ക്യാപ്റ്റനും(പിണറായി വിജയന്‍) കപ്പല്‍ മുക്കാന്‍ ശ്രമിക്കുകയാണോയെന്നുമായിരുന്നു ദുഷ്യന്ത് ദവെക്കൊപ്പം സെന്‍കുമാറിനു വേണ്ടി ഹാജരാകുന്ന അഡ്വ. ഹാരീസ് ബീരാന്റെ ചോദ്യം. ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നുവെന്ന വാദം നിരത്തി സെന്‍കുമാറിനെതിരെ സ്വീകരിച്ച നടപടിയെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ദവെ ചൂണ്ടിക്കാട്ടി.പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഡി.ജി.പി പദവിയില്‍ തന്റെ കക്ഷിക്ക് രണ്ടു വര്‍ഷത്തെ സര്‍വീസ് കാലാവധിയുണ്ടെന്ന് സെന്‍കുമാറിനു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. 2015 മെയ് മാസമാണ് അദ്ദേഹത്തെ ഡി.ജി.പി ആയി നിയമിച്ചത്. 2017 മെയ് വരെ കാലാവധിയുണ്ടായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കിയത്. സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷനുമായി കൂടിയാലോചിക്കാതെയാണ് സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. സെന്‍കുമാറിനെ ഡി.ജി.പി പദവിയില്‍ പുനര്‍ നിയമിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ഭൂഷണ്‍ വാദിച്ചു. ഇതേതുടര്‍ന്ന് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഉചിതമായ രീതിയിലാണോ വിജയന്‍(പിണറായി) സര്‍ക്കാര്‍ അധികാരം വിനിയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. ഇതിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.ദുശ്യന്ത് ദവെ വഴി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്ന് ഇതില്‍ പറയുന്നു. തന്നെ മാറ്റി പുതിയ ഓഫീസറെ കൊണ്ടുവരാനുള്ള നീക്കം ആസൂത്രിതമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് തന്നെ നിയമിച്ചത്. എന്നാല്‍ താന്‍ പ്രവര്‍ത്തിച്ചത് ഭരണഘടനാസൃതമായാണ്. ഏതെങ്കിലും പാര്‍ട്ടിയോട് വിധേയപ്പെട്ടുകൊണ്ടല്ല- സത്യവാങ്മൂലത്തില്‍ പറയുന്നു.