X

മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സൂര്യകാന്ത പാട്ടീൽ ബി.ജെ.പി വിട്ടു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിലെ ചര്‍ച്ചകള്‍ പുരോഗമിക്കവെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സൂര്യകാന്ത പാട്ടീല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം വരെ ഉപേക്ഷിച്ചാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ഇറങ്ങുന്നത്.

”കഴിഞ്ഞ 10 വര്‍ഷമായി ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, പാര്‍ട്ടിയോട് ഞാന്‍ നന്ദി പറയുന്നു,” രാജിക്ക് ശേഷം സൂര്യകാന്ത പാട്ടീല്‍ വ്യക്തമാക്കി. 2014ല്‍ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പാട്ടീല്‍ ബി.ജെ.പിയില്‍ എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറാത്ത്വാഡയിലെ ഹിംഗോലി മണ്ഡലത്തില്‍ മത്സരിക്കാനുള്ള നീക്കങ്ങള്‍ സൂര്യകാന്ത പാട്ടില്‍ നടത്തിയിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചില്ല.

സീറ്റ് പങ്കിടല്‍ ധാരണയനുസരിച്ച് ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനക്കാണ് ഹിംഗോലി മണ്ഡലം ലഭിച്ചത്. ഇതിലെ അതൃപ്തി സൂര്യകാന്ത സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവിനെ കൈയൊഴിയാന്‍ ബി.ജെ.പി തയ്യാറായിരുന്നില്ല. ഹഡ്ഗാവ് ഹിമായത് നഗര്‍ നിയമസഭാ മണ്ഡലത്തിന്റെ ചുമതല നല്‍കിയാണ് അവരെ അനുനയിപ്പിച്ചിരുന്നത്.

അതേസമയം ഹിംഗോളി സീറ്റ് മഹായുതി(ബി.ജെ.പി-ഷിന്‍ഡെ ശിവസേന- അജിത് പവാര്‍ എന്‍.സി.പി) സഖ്യത്തിന് നഷ്ടമാകുകയും ചെയ്തു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ് ഇവിടെ വിജയിച്ചത്.

ഇതിന് പിന്നാലെയാണ് സൂര്യകാന്ത പാട്ടീല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെക്കുന്നത്. നാല് തവണ എം.പിയായും ഒരു തവണ എം.എല്‍.എയായും ഹിംഗോളി-നന്ദേഡ് മണ്ഡലത്തെ സൂര്യകാന്ത പാട്ടീല്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അതേസമയം തന്റെ ഭാവിപ്രവര്‍ത്തനം എവിടേക്കാണെന്ന് ഇതുവരെ അവര്‍ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളൊരു നേതാവ് പാര്‍ട്ടിവിട്ടുപോകുന്നത് ബി.ജെ.പിക്ക് ക്ഷീണമാണ്.

webdesk13: