X

പുന്നപ്ര പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി; പിന്നില്‍ പ്രധാന നേതാക്കള്‍?

സ്വന്തം നാട്ടിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി സി.പി.എം. സുധാകരന്‍ താമസിക്കുന്ന ആലപ്പുഴ, പുന്നപ്രയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് ഒഴിവാക്കിയത്. ജില്ലയിലെ ചില പ്രധാന നേതാക്കള്‍ ഇടപെട്ടാണ് സുധാകരനെ ഒഴിവാക്കിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.

ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണന.
സുധാകരന്‍ താമസിക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങായിരുന്നിട്ടും ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് പരാതികള്‍ ഉയരുന്നത്.

നേതൃസ്ഥാനങ്ങളില്‍ നിന്ന് സ്വയം ഒഴിവാക്കാന്‍ കത്ത് നല്‍കി മാതൃക കാട്ടിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും വേദികളിലും അടുത്ത കാലം വരെ സുധാകരന്‍ സജീവമായിരുന്നു. എന്നാല്‍ അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാമടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളാണ് മുതിര്‍ന്ന നേതാവിനെ തഴയുന്നതിന്റെ കാരണമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.

പ്രാദേശിക നേതാവും ജനപ്രതിനിധിയുമായിരുന്ന ആര്‍ മുരളീധരന്‍ നായരുടെ പേരിലുള്ള ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ നിര്‍മ്മാണം 5 മാസം മുന്‍പാണ് ആരംഭിച്ചത്. നിര്‍മ്മാണത്തോട് അനുബന്ധിച്ച് നടന്ന തറകല്ലിടല്‍ ചടങ്ങിലും നേരത്തെ ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല.

ഇന്ന് നടക്കുന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയില്‍ നിന്ന് മുതിര്‍ന്ന നേതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

 

webdesk13: