ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ‘അയാള്‍ എനിക്കെതിരെ ഒന്നും പറയില്ല; കാരണം അയാള്‍ പേടിത്തൊണ്ടനാണ്’-യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. ട്വീറ്റിലെ ‘അയാള്‍’ ആരാണെന്ന് ചോദിച്ച് നിരവധി ട്വീറ്റുകള്‍ വന്നെങ്കിലും സിന്‍ഹ മറുപടി പറഞ്ഞില്ല. ബി.ജെ.പിയിലെ പ്രഖ്യാപിത മോദി വിരുദ്ധനാണ് യശ്വന്ത് സിന്‍ഹ. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സിന്‍ഹ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതിരെ ബി.ജെ.പിയില്‍ നിന്നുയര്‍ന്ന അപസ്വരങ്ങള്‍ക്ക് മറുപടിയായാണ് സിന്‍ഹയുടെ ട്വീറ്റ്.
സിന്‍ഹയുടെ ട്വീറ്റിന് തെറിവിളികളുമായി മോദി ഭക്തരായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയതോടെ സിന്‍ഹ വീണ്ടും മറുപടിയുമായെത്തി. ‘നിങ്ങളുടെ തെറിവിളികള്‍ തെളിയിക്കുന്നത് തന്റെ അഭിപ്രായങ്ങള്‍ക്ക് ഇപ്പോഴും പ്രാധാന്യമുണ്ടെന്നാണ്’- സിന്‍ഹ ട്വീറ്റ് ചെയ്തു. ‘ഞാന്‍ ഒരു ട്വീറ്റ് ചെയ്യുമ്പോഴേക്കും നിരവധി പട്ടികള്‍ കുരക്കുന്നു. നിങ്ങള്‍ കുരക്കുന്നത് തുടരുക, ഞാന്‍ അതാസ്വദിക്കുന്നു’-സിന്‍ഹ വീണ്ടും ട്വിറ്ററില്‍.
മോദി കൂലികൊടുത്ത് ആളുകളെക്കൊണ്ട് തെറിവിളിപ്പിക്കുകയാണെന്നും സിന്‍ഹ ആരോപിച്ചു. ‘ഞാന്‍ സംസാരിക്കുന്നത് എന്റെ അഭ്യുദയകാക്ഷികളുടെ നിര്‍ദേശത്തോടെയാണ്. എനിക്കെതിരായ വിമര്‍ശനങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഓരോ തെറിക്കും 10 രൂപ കൊടുത്ത് വിളിപ്പിക്കുന്ന തെറികളെ ഞാന്‍ അവഗണിക്കുന്നു’-സിന്‍ഹ ട്വീറ്റ് ചെയ്തു.
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ മോദിയുടെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ് യശ്വന്ത് സിന്‍ഹ. മോദിയുടെ നയങ്ങള്‍ക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുമായി ചേര്‍ന്ന് ‘രാഘാമഞ്ച’് എന്നൊരു സംഘടനയും സിന്‍ഹ രൂപീകരിച്ചിട്ടുണ്ട്.