X

ഖഷോഗിയുടെ മൃതദേഹം സഊദി കോണ്‍സുല്‍ ജനറലിന്റെ വസതിയില്‍ ദഹിപ്പിച്ചതായി റിപ്പോര്‍ട്ട്

ഇസ്തംബൂള്‍: മുതില്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇസ്തംബൂളില്‍ സഊദി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ കൊണ്ടുവന്ന് ചുട്ടെരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൃതദേഹം ചുട്ടെരിക്കാന്‍ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ വലിയ ചൂളയൊരുക്കിയിരുന്നതായി അല്‍ജസീറ പറയുന്നു.

ആയിരം ഡിഗ്രി സെല്‍ഷ്യസിലേറെ ചൂടുള്ള ചൂള കോണ്‍സുല്‍ ജനറലിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നിര്‍മിച്ചതെന്ന് അല്‍ജസീറ അന്വേഷണത്തില്‍ കണ്ടെത്തി. ചൂള നിര്‍മിച്ച തൊഴിലാളിയുമായുള്ള അഭിമുഖം ചാനല്‍ പുറത്തുവിട്ടു. വിവാഹ രേഖകള്‍ ശരിയാക്കാന്‍ കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോണ്‍സുല്‍ ജനറലിന്റെ വസതിയില്‍ കൊണ്ടുവന്ന് ചുട്ടെരിക്കുകയായിരുന്നുവെന്ന് തുര്‍ക്കി അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ടാണ് മൃതദേഹം ദഹിപ്പിച്ചത്.

സഊദി കോണ്‍സുല്‍ ജനറലിന്റെ വീടിന്റെ ചുമരില്‍ തുര്‍ക്കി സംഘം ഖഷോഗിയുടെ രക്തക്കറ കണ്ടെത്തിയിരുന്നു. സഊദി അറേബ്യയില്‍നിന്നെത്തിയ സംഘം ഖഷോഗിയെ കോണ്‍സുലേറ്റില്‍ കൊലപ്പെടുത്തിയെന്ന് സഊദി ഭരണകൂടം സമ്മതിച്ചിട്ടുണ്ടെങ്കിലും മൃതദേഹം എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല. സഊദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ അറിവോടെയായിരിക്കും കൃത്യം നടത്തിയിരിക്കുകയെന്ന് സി.ഐ.എയും അഭിപ്രായപ്പെടുന്നു. ഖഷോഗി വധവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ സഊദിയില്‍ നിയമനടപടി നേരിടുന്നുണ്ട്. ഇവരെ തങ്ങള്‍ക്ക് കൈമാറണമെന്ന ആവശ്യം തുര്‍ക്കി അംഗീകരിച്ചിട്ടില്ല.

അതേസമയം ഖഷോഗിയുടെ വിയോഗത്തില്‍ മൗനം തുടരുന്ന ട്രംപ് നിലാപാടിനെതിരെ യുഎസ് സെനറ്റേര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

chandrika: