X

സെമിനാര്‍ മാഷ്-പ്രതിഛായ

ഫാസിസ്റ്റ് ഭരണത്തിനെതിരെ ബി.ജെ.പിയേതര ശക്തികളുടെ സഖ്യം രൂപീകരിച്ച് മഹാരാജ്യത്തെ രക്ഷിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യയില്‍ 1.73 ശതമാനം വോട്ടുള്ള സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സമാരംഭിച്ചത്. പക്ഷേ ഡോ. തോമസ് ഐസക് പോലുള്ള പണ്ഡിത പുംഗവരെ നിഷ്പ്രഭരാക്കി പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചയാകെ കോണ്‍ഗ്രസ് പാര്‍ട്ടിയും മറ്റൊരു തോമസും മാത്രമായി.

എല്ലാം വലിയവായില്‍ വാര്‍ത്തയാക്കുന്ന മാധ്യമപ്പരിഷകള്‍ക്ക് എന്തെങ്കിലുമൊരു കഷണം ഇട്ടുകൊടുക്കണ്ടേ എന്നു കരുതിയാണ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. ശശിതരൂര്‍ എം.പിയെയും നേതൃത്വവുമായി ‘ഉടക്കി’നില്‍ക്കുന്ന കെ.വി തോമസിനെയും തന്നെ സെമിനാറിന് വിളിക്കണം. പഴയ സിനിമയിലെ ‘മോഹന്‍ലാല്‍ വരുമോ ഇല്ലയോ’ പോലായി കേരളം. ഹൈക്കമാന്‍ഡ് കല്‍പന കേട്ട് തരൂര്‍ വീട്ടില്‍ കൂടി. തോമസ് മാഷുണ്ടോ വിടുന്നു. കുറച്ചുകാലമായി പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനൊക്കെയാണെങ്കിലും ഈ പത്രക്കാരും ടീവീക്കാരും മൈന്റ് ചെയ്യുന്നില്ല. ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചൊക്കെ ഇടക്കെപ്പോഴെങ്കിലും വീട്ടില്‍ ചെന്നൊരു ബൈറ്റെങ്കിലും എടുക്കണ്ടേ. അതില്ലാതായാല്‍ മാഷല്ല, ഏത് കൊച്ചിക്കാരനും കിട്ടിയ വാര്‍ത്തയുടെ പിറകെ പോകും. അതാണ് നിരവധി കോണ്‍ഗ്രസുകാരെ കൊന്ന, സി.പി.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കാനുള്ള തോമസ് മാഷിന്റെ താല്‍പര്യഹേതു. അല്ലെങ്കില്‍ ഇത്രമാത്രം മീഡിയാ കവറേജ് അങ്ങേര്‍ക്കിപ്പോ കിട്ടുമായിരുന്നോ? കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ആഗോള പ്രബന്ധം അവതരിപ്പിച്ച് മോദിയുടെ ശൈലി മാറ്റിക്കളയാനോ ഹൈക്കമാന്‍ഡിനെ ധിക്കരിച്ചിട്ടോ ഒന്നുമല്ലാട്ടോ.

മറ്റൊരു പാര്‍ട്ടിയുടെ സെമിനാറിലോ ട്രേഡ് യൂണിയന്‍സംഗമത്തിലോ രാഷ്ട്രീയക്കാര്‍ പങ്കെടുക്കുന്നത് പുത്തരിയൊന്നുമല്ല. അതുവഴി പരസ്പരവൈരികള്‍ ഒരുമിച്ചിരുന്ന് ചായ കുടിച്ചുപിരിയാം. അതുതന്നെയാണ് കണ്ണൂരിലും സംഭവിച്ചത്. തോമസ് മാഷ് വന്നു, ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ സ്വീകരിച്ചു. ഒരു വീട്ടില്‍ കടന്നുചെല്ലുമ്പോള്‍ അവരെന്ത് തരുന്നു, അണിയിക്കുന്നു എന്നത് അന്വേഷിക്കാനോ തട്ടാനോ ആവതില്ല.

എന്നാല്‍ ചുകപ്പുഷാള്‍ തന്നെ ഇട്ട് സ്വീകരിക്കണോ എന്നതാണ് പ്രശ്‌നം. അതാണ് സി.പി.എം നേതാക്കളുടെ കുരുട്ടുബുദ്ധി. ഇത് എന്നെത്തേക്കുമാണോ എന്ന ചോദ്യത്തിന് പക്ഷേ മാഷ് കൊടുത്ത മറുപടിയാണ് സംശയകരം. ആലോചിക്കട്ടെ എന്നാണ് മാഷ് പറഞ്ഞത്. ഒരുതരം വിരട്ടല്‍ തന്നെ. തന്നെ ‘തിരുത’ എന്നു വിളിച്ചതും മാഷ്‌ക്ക് ഇഷ്ടപ്പെട്ടില്ല. തിരിച്ചുവാ എന്നാണ് പറഞ്ഞതെന്ന് കോണ്‍ഗ്രസുകാരും. 2019ലെ ലോക്‌സഭാസീറ്റ് നിഷേധിച്ചപ്പോഴും ബി.ജെ.പിയിലേക്കെന്ന് സൂചിപ്പിച്ചൊരു തട്ടുതട്ടിയിരുന്നു കുമ്പളങ്ങിയാശാന്‍. അതിന് ഫലവും കണ്ടു. പാര്‍ട്ടി പിടിച്ചങ്ങ് ഉന്നത പദവിയൊന്ന് കൊടുത്തു. രാഹുല്‍ ഗാന്ധിയെ ഒരു പതിറ്റാണ്ട് ശ്രമിച്ചിട്ടും കാണാനൊക്കുന്നില്ലെന്നും സോണിയാ ഗാന്ധിയാണ് തന്റെ നേതാവെന്നും മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നുമൊക്കെ മാഷ് പറയുമ്പോള്‍ മാഷിന്റെ ബുദ്ധിക്കും ഓര്‍മക്കുമൊന്നും കോട്ടമില്ലെന്ന് വ്യക്തം. ‘തോമസിനെ തൊടാന്‍ ആരെടാ’ എന്നാണ് ജയരാജന്‍ ചോദിക്കുന്നത്. വെടക്കാക്കി തനിക്കാക്കലല്ലാതെന്ത്! ഏതായാലും ഒരു കെ.വി തോമസ് പോയാലും കോണ്‍ഗ്രസില്‍ തന്നെയാകും ഇപ്പോഴും സി.പി.എമ്മിലേക്കാള്‍ തോമസുമാരെന്നുറപ്പ്. പണ്ടൊരു ടി.വി തോമസിനെ വിവാഹം കഴിച്ചതിന് മന്ത്രി ഗൗരിയമ്മയെ പുറത്താക്കാന്‍ നോക്കിയതാണിക്കൂട്ടര്‍.

1984നും 2019നുമിടയില്‍ അഞ്ചുതവണ എറണാകുളം എം.പി, 2001ലും 2006ലും എം.എല്‍.എ, സംസ്ഥാന എക്‌സൈസ്-ടൂറിസം-ഫിഷറീസ് മന്ത്രി, 2009ല്‍ കേന്ദ്ര കാര്‍ഷിക-ഭക്ഷ്യ കാബിനറ്റ് മന്ത്രി. നിലവില്‍ എ.ഐ.സി.സി അംഗം. തേവര സേക്രഡ്ഹാര്‍ട്‌സ് കോളജിലെ 33 വര്‍ഷത്തെ അധ്യാപക വൃത്തികാലത്താണ് കോണ്‍ഗ്രസിലെത്തിയത്. ‘എന്റെ കുമ്പളങ്ങി’യടക്കം 5 പുസ്തകങ്ങള്‍. രാജ്യത്തെ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ശില്‍പികളിലൊരാള്‍. പ്രായം 75 ആയെങ്കിലും വെറുതെയിരിക്കാന്‍ പറഞ്ഞാല്‍ ഈ മല്‍സ്യത്തൊഴിലാളി കുടുംബാംഗത്തിന് അനുസരിക്കാനാകുമോ! ഷെര്‍ളിയാണ് ഭാര്യ. മൂന്നു മക്കള്‍.

Test User: