X

നാളെ മുതല്‍ സെമി ലോക്ഡൗണ്‍; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഈ മാസം ഒമ്പതാം തീയതി വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതുഗതാഗതത്തിന് തടസമുണ്ടാകില്ല.

ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പാണ് നിര്‍ദ്ദേശിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായി തന്നെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് മുന്നോട്ടു വച്ചത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ വകുപ്പ് കുറച്ച് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഉത്തരവ് ഇറക്കിയത്. വോട്ടെണ്ണല്‍ ദിനത്തില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇറക്കിയ ഉത്തരവിനൊപ്പം തന്നെയാണ് ഒരാഴ്ചത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ചും നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

പഴം, പച്ചക്കറി, പലചരക്ക് കടകള്‍, മത്സ്യം, മാംസം കടകള്‍ എന്നിവയൊക്കെ പ്രവര്‍ത്തിക്കും. ഇത്തരം കടകളിലേക്ക് പോകുന്നവര്‍ സ്വന്തം വീടിന് തൊട്ടടുത്തുള്ള കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങണം. അനാവശ്യമായി നിരത്തില്‍ സഞ്ചാരം അനുവദിക്കില്ല. കള്ളു ഷാപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ആശുപത്രി അടക്കമുള്ള അവശ്യ സര്‍വീസുകള്‍ക്കായുള്ള വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടാകുക.

ദീര്‍ഘദൂര ബസുകള്‍ക്കും അനുമതിയുണ്ട്. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക് കൃത്യമായ രേഖകളുമായി യാത്ര ചെയ്യാം. ശുചീകരണ തൊഴിലാളികള്‍ക്കും പ്രവര്‍ത്തിക്കാം. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് പ്രവര്‍ത്തികള്‍ തുടരാനും അനുമതിയുണ്ട്.

സിനിമ, സീരിയല്‍ ഷൂട്ടിങ്ങുകള്‍ ഈ ദിവസം പാടില്ല. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് നിയന്ത്രണത്തിലൂടെ ഉദ്ദേശിക്കുന്നത്.

 

Test User: