മലപ്പുറം: ആദ്യ രണ്ടു മത്സരത്തിലും വിജയിച്ച ആത്മവിശ്വാസത്തോടെ ഗ്രൂപ്പ് എ യില്‍ മൂന്നാം അങ്കത്തിറങ്ങുന്ന കേളത്തിന് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പ്. വൈകുന്നേരം എട്ടുമണിക്ക് പയ്യനാടാണ് കളി. നിലവില്‍ രണ്ടു ജയത്തോടെ ആറു പോയിന്റ് നേടി ടീം തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്. കളിച്ച ആദ്യ കളി തന്നെ മിന്നും പ്രകടനത്തോടെ മൂന്ന് പോയിന്റ് നേടിയ വടക്ക്കിഴക്കന്‍ കരുത്തരായ മേഘാലയയാണ് കേരളത്തിന്റെ ഇന്നത്തെ എതിരാളികള്‍.
കേരളം രണ്ടു കളികളില്‍ നിന്നും ഏഴ് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. കന്നിയങ്കത്തില്‍ രാജസ്ഥാനെ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ കരുത്തരായ ബംഗാളിനെ രണ്ടുഗോളുകള്‍ക്കും തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് മേഘാലയയുടെ വരവ്.
മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്ല ഫോമിലാണ്. മുന്നേറ്റനിരയില്‍ നേരിയ പ്രശ്‌നങ്ങളുണ്ടെങ്കിലും സൂപ്പര്‍ സബായി വന്ന് ബംഗാളി പോസ്റ്റിലേക്ക് നിറയൊഴിച്ച നൗഫലും ജെസിനും പ്രതീക്ഷയാണ്. മികച്ചൊരു ജയം സ്വന്തമാക്കി സെമിയിലേക്ക് കടക്കുക എന്നതുതന്നെയാകും കേരളത്തിന്റെ പ്ലാന്‍.
അവസാന കളിയില്‍ വെള്ളിയാഴ്ച്ച പഞ്ചാബിനെയാണ് കേരളം നേരിടുക. ഗ്രൂപ്പ്് ചാമ്പ്യന്മാരായി തന്നെ സെമിയില്‍ കടന്നാല്‍ ഗ്രൂപ് ബിയിലെ രണ്ടാം സ്ഥാനക്കാരെ നേരിട്ടാല്‍മതിയാകും. വണ്‍ ടച്ചുകള്‍കൊണ്ട് കളിമെനയുന്ന മേഘാലയ കേരളത്തിന് കരുത്തരായ എതിരാളികള്‍ തന്നെയാകും. ആദ്യകളിയില്‍ ഇരട്ട ഗോള്‍ നേടിയ ഫിഗോ സിന്‍ഡായില്‍ തന്നെയാണ് മേഘാലയ പ്രതീക്ഷ.
വിജയമില്ലെങ്കിലും തോല്‍വി വേണ്ട എന്ന നിശ്ചയദാര്‍ഡ്യത്തിലാവും ടീം ഇറങ്ങുക. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സെമി സാധ്യതയുണ്ട് എന്നതിനാല്‍ ഓരോ കളിയും നിര്‍ണ്ണായകമാണ്. കേരളവും മേഘാലയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശക്തമായൊരു മത്സരം തന്നെ ഇന്ന് പ്രതീക്ഷിക്കാം.