X

കപ്പിലേക്ക് സെമി ദൂരം; സാഫ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്

ബെംഗളുരു:സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ട് സെമി ഫൈനലുകള്‍. ശ്രീകണ്ഠീരവയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ കുവൈറ്റ് ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ രാത്രി 7-30 ന് ആതിഥേയരായ ഇന്ത്യ ലെബനോണുമായി കളിക്കും. കുവൈറ്റ് ശക്തരായാണ് സെമി ഫൈനല്‍ യോഗ്യത നേടിയതെങ്കില്‍ ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് അവരെ നേരിടാന്‍ യോഗ്യത സ്വന്തമാക്കിയിരിക്കുന്നത്. ഗോള്‍വേട്ടക്കാരാണ് കുവൈറ്റുകാര്‍. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യില്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ സ്വന്തമാക്കിയവര്‍. ആദ്യ മല്‍സരത്തില്‍ നേപ്പാളിനെ 3-1 ന് വീഴ്ത്തിയ ഗള്‍ഫ് സംഘം രണ്ടാം മല്‍സരത്തില്‍ നാല് ഗോളിന് പാക്കിസ്താനെയും തകര്‍ത്തിരുന്നു. എന്നാല്‍ മൂന്നാം മല്‍സരത്തില്‍ അവരെ ഇന്ത്യ വിരട്ടി. ഭാഗ്യത്തിനാണ് അവര്‍ സമനില സ്വന്തമാക്കിയത്. മല്‍സരത്തിന്റെ അവസാനം വരെ ഒരു ഗോളിന് ഇന്ത്യയായിരുന്നു ലീഡില്‍. അവസാനത്തില്‍ ഇന്ത്യന്‍ ഡിഫന്‍ഡര്‍ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളിലായിരുന്നു സമനില സ്വന്തമാക്കിയത്. അതേ സമയം ബംഗ്ലാദേശ് ആദ്യ മല്‍സരത്തില്‍ രണ്ട് ഗോളിന് ലെബനോണിന് മുന്നില്‍ അടിയറവ് പറഞ്ഞവരാണ്. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ മാല ദ്വിപിനെ 3-1 ന് തകര്‍ത്താണ് കരുത്തരായത്. അവസാന മല്‍സരത്തില്‍ കടവുകള്‍ 3-1 ന് ഭൂട്ടാനെയും വീഴ്ത്തിയാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്.

രണ്ടാം സെമിയില്‍ ഇന്ത്യക്കും കാര്യമായ വെല്ലുവിളിയുണ്ട്. ലെബനോണ്‍ ഫിഫ റാങ്കിംഗില്‍ മാത്രമല്ല ഇന്ത്യക്ക് മുന്നിലുള്ളത്. മുന്‍നിരയില്‍ അവരുടെ മൂന്ന് താരങ്ങള്‍ അപകടകാരികളാണ്. ഇത് വരെ സന്ദേശ് ജിങ്കാന്‍ നയിക്കുന്ന ഇന്ത്യന്‍ പ്രതിരോധം കാര്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഇന്ന് ലെബനോണ്‍ മുന്‍നിരക്കാര്‍ അതിവേഗം വരുമ്പോള്‍ പ്രതിരോധത്തിന് വലിയ ജോലിയുണ്ടാവും.
ഇത് വരെ കളിച്ച മല്‍സരങ്ങളിലെ ആത്മവിശ്വാസമാണ് ടീമിന്റെ ഊര്‍ജ്ജമെന്ന് നായകന്‍ സുനില്‍ ഛേത്രി വ്യക്തമാക്കി. കുവൈറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയെക്കാള്‍ കരുത്തരാണ്. കുവൈറ്റിനെതിരെ നിര്‍ണായക വിജയവും അത് വഴി ഗ്രൂപ്പിലെ ആദ്യ സ്ഥാനവും ടീമിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. അവസാനത്തിലാണ് സമനില സമ്മതിക്കേണ്ടി വന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ കിരീടം സ്വന്തമാക്കി വിശ്രമത്തിന് നില്‍ക്കാതെയാണ് ഇന്ത്യ സാഫ് കപ്പിലെത്തിയത്. ബെംഗളുരുവില്‍ തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. ടീം നന്നായി ഇണങ്ങിയിട്ടുണ്ട്. ലെബനോണിനെതിരെ ഏറ്റവും മികച്ച പ്രകടനവും നായകന്‍ വാഗ്ദാനം ചെയ്യുമ്പോള്‍ പ്രശ്‌നം പരിശീലകന്‍ ഇന്നും പുറത്ത് എന്നതാണ്. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമോക്ക് ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം രണ്ട് തവണയാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. പാക്കിസ്താനെതിരായ ആദ്യ മല്‍സരത്തിന്റെ അവസാനത്തില്‍ ചുവപ്പില്‍ പുറത്തായ കോച്ചിന് രണ്ടാം മല്‍സരത്തില്‍ ടീമിനൊപ്പം എത്താനായിരുന്നില്ല. ആ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കി കുവൈറ്റിനെതിരായ മൂന്നാം മല്‍സരത്തിനിറങ്ങി. ആ മല്‍സരത്തിന്റെ അവസാനത്തിലും ചുവപ്പ് കണ്ട് പുറത്തായി. നിര്‍ണായക മല്‍സരത്തില്‍ അദ്ദേഹം പുറത്ത് തന്നെ ഇരിക്കേണ്ടി വരും. പക്ഷേ ടീമിന്റെ ശക്തി മൈതാനത്ത് കാണാമെന്നാണ് സ്റ്റിമോക് വ്യക്തമാക്കുന്നത്.

webdesk11: