യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ലോകമെങ്ങും അമര്‍ഷം പതഞ്ഞുയരുകയാണ്. സമാധാനപൂര്‍വ്വം ജീവിച്ചിരുന്ന ഒരു ജനതയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വ്‌ളാഡിമിര്‍ പുടിനെന്ന റഷ്യന്‍ പ്രസിഡന്റിന്റെ കണ്ണില്‍ചോരയില്ലാത്ത ധിക്കാരത്തിന് ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ്. യുദ്ധം അവസാനിച്ചാല്‍ തന്നെയും റഷ്യന്‍ ബോംബുകള്‍ക്കു കീഴേ ഉടഞ്ഞുതീരുന്ന യുക്രെയ്‌നെ പുനര്‍നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുത്തേക്കും. ഉപരോധങ്ങളും ഭീഷണികളുമായി പുടിനെ അടക്കിയിരുത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആവനാഴിയിലെ അടവുകളെല്ലാം എടുത്തു പ്രയോഗിക്കുന്നുണ്ട്. യുക്രെയ്‌നെതിരെയുള്ള റഷ്യന്‍ കടന്നാക്രമണത്തെ അപലപിക്കാനെടുക്കുന്ന ആവേശം പക്ഷെ, ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അധിനിവേശങ്ങളെ എതിര്‍ക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉണ്ടാകാറില്ല. അധിനിവേശത്തിന് നല്‍കുന്ന അര്‍ത്ഥഭേദങ്ങളും നിറംമാറ്റങ്ങളും യുക്രെയ്ന്‍ സംഭവത്തോടൊപ്പം വിവേചിച്ചറിയുന്നത് നല്ലതാണ്.
റഷ്യ-യുക്രെയ്ന്‍ യുദ്ധമായി അതിനെ വിശേഷിപ്പിക്കരുതെന്നും അധിനിവേശമെന്ന വാക്ക് തന്നെ പ്രയോഗിക്കണമെന്നും പാശ്ചാത്യ ലോകത്ത് മുറവിളി ഉയരുന്നുണ്ട്. ഏകപക്ഷീയ ആക്രമണങ്ങളെ യുദ്ധമായി വിശേഷിപ്പിക്കുന്നത് അനീതിയാണെന്ന വാദത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി ലോകത്തെ മറ്റു ചില അധിനിവേശങ്ങള്‍ക്കുനേരെയും തിരിച്ചുപിടിക്കുന്നത് നല്ലതായിരിക്കും. ഫലസ്തീനില്‍ ഇപ്പോള്‍ ഇസ്രാഈല്‍ തുടരുന്നതും ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യ ശക്തികള്‍ നടത്തിയതും അധിനിവേശമെന്ന പദപ്രയോഗത്തിന്റെ പരിധിയില്‍ വരും.
പക്ഷെ, അവിടെയൊക്കെയും നടക്കുന്നത് യുദ്ധമാണെന്നാണ് ചില അന്താരാഷ്ട്ര ഭാഷ്യം. പതിറ്റാണ്ടുകളായി ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന അധിനിവേശ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാണ് വന്‍ശക്തികള്‍ക്ക് താല്‍പര്യം. ഫലസ്തീന്റെ പരമാധികാരത്തിന് ഇസ്രാഈല്‍ ഒട്ടും വില കല്‍പിക്കുന്നില്ല. ഫലസ്തീനിലെ ഏത് മൂലയിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന ധിക്കാരത്തോടെ ഇസ്രാഈല്‍ സേന നരനായാട്ട് തുടരുന്നു. യുദ്ധത്തിലൂടെ ബലമായി പിടിച്ചെടുത്ത ഭൂപ്രദേശത്ത് അധിനിവേശ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഫലസ്തീന്‍ കുടുംബങ്ങളെ ആട്ടിയോടിച്ച് ആയിരക്കണക്കിന് ജൂത പാര്‍പ്പിട കേന്ദ്രങ്ങളാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും വെടിവെച്ചുകൊല്ലാന്‍ ഇസ്രാഈല്‍ പട്ടാളക്കാര്‍ അല്‍പം പോലും മടിക്കാറില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ അധിനിവേശത്തെ വെള്ളപൂശാനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കിഴക്കന്‍ ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിക്കുകയും ചെയ്തു. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ഉപരോധങ്ങളടക്കമുള്ള ശിക്ഷാനടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്ത അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് ഫലസ്തീനികളോട് അലിവു തോന്നാത്തത് എന്തുകൊണ്ടാണ്? ഗസ്സക്കെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇസ്രാഈല്‍ പലപ്പോഴായി ഏകപക്ഷീയ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട കര, വ്യോമ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങള്‍ക്ക് പാശ്ചാത്യ ലോകം നല്‍കാറുള്ള തലക്കെട്ട് ഗസ്സ യുദ്ധമെന്നാണ്.
2008ന് ശേഷം പലപ്പോഴായി ഗസ്സയില്‍ ഇസ്രാഈല്‍ സേന വന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കനത്ത ആള്‍നാശത്തോടൊപ്പം ഗസ്സയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തു. അതേക്കുറിച്ചുള്ള വാര്‍ത്തകളിലും വിവരണങ്ങളിലും ഫലസ്തീന്‍-ഇസ്രാഈല്‍ യുദ്ധമെന്ന് മാത്രമേ കാണൂ. പ്രതിരോധിക്കാന്‍ പോലും ശേഷിയില്ലാത്ത പാവങ്ങളെ ഏകപക്ഷീയമായി ചുട്ടുകൊല്ലുന്ന ഇസ്രാഈല്‍ ക്രൂരതയെ അന്താരാഷ്ട്ര തുലാസില്‍ അധിനിവേശമായി അടയാളപ്പെടുത്താറില്ല.. നിഷ്പക്ഷമെന്ന് തോന്നിക്കുന്ന വെബ്‌സൈറ്റുകളില്‍ പോലും ഫലസ്തീനികളും ഇസ്രാഈലും തമ്മില്‍ നടത്തുന്ന യുദ്ധമായാണ് അതിനെ വിശേഷിപ്പിക്കാറുള്ളത്. അതിന്റെ പേരില്‍ ഒരു രാജ്യവും ഇസ്രാഈലിനെതിരെ ഉപരോധത്തിന്റെ ചാട്ടവാര്‍ എടുക്കാറുമില്ല.ഫലസ്തീന്‍ അനുകൂല ശബ്ദങ്ങളെ സെമിറ്റിക് വിരുദ്ധമെന്ന് ആരോപിച്ച് അടിച്ചൊതുക്കുകയാണ് പതിവ്. ഇപ്പോള്‍ യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന കടന്നാക്രണങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കുമെതിരെ ഉറച്ച സ്വരത്തില്‍ ശബ്ദിക്കാന്‍ പാശ്ചാത്യ ശക്തികള്‍ക്ക് സാധിക്കാത്തതും ഈ വീക്ഷണവൈരുദ്ധ്യം കൊണ്ടാണ്.