തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്വാശ്രയസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ടതുണ്ടെന്ന പൊതു അഭിപ്രായം കണക്കിലെടുത്താണ് ഉന്നതതലസമിതിയെ നിയോഗിച്ചത്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സമിതിയാണ് രൂപീകരിക്കുന്നത്. സമിതിയുടെ ഏകോപനവും സമിതിയില്‍ ആരൊക്കെ വേണമെന്നതിനെ കുറിച്ചുമുള്ള തീരുമാനങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തി.
സാങ്കേതിക സര്‍വകലാശാലക്ക് കീഴില്‍ വരുന്ന സ്വാശ്രയ കോളജുകളുടെ അക്കാഡമികവും ഭൗതികവുമായ സാഹചര്യങ്ങള്‍ പരിശോധിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണ് ഉന്നതതലസമിതിയുടെ ദൗത്യം. കുട്ടികളുടെ പഠനം, പഠനേതര പ്രവര്‍ത്തനങ്ങള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവ പ്രത്യേകം പരിശോധിക്കും. അക്കാഡമിക് കാര്യങ്ങളില്‍ കോളജ് എത്രമാത്രം ശ്രദ്ധിക്കുന്നു, പരീക്ഷാനടത്തിപ്പ്, ഇന്റേണല്‍അസെസ്മെന്റ് എന്നിവയും വിലയിരുത്തും.
പാമ്പാടി നെഹ്റു കോളജിലുണ്ടായ പ്രശ്‌നങ്ങളെ അതീവഗൗരവത്തോടെ കാണണമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജിഷ്ണു പ്രണോയിയുടെ ജീവന്‍ നഷ്ടപ്പെട്ടത് പോലെയുള്ള പ്രശ്‌നങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന പൊതുവികാരം യോഗത്തിലുണ്ടായി. നെഹ്‌റു കോളജില്‍ തുടരുന്ന അതിക്രമങ്ങളെ സംബന്ധിച്ച് വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും ഉന്നയിച്ച പരാതിയിന്മേല്‍ പരിശോധന വേണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സാങ്കേതിക സര്‍വ്വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കോപ്പിയടിച്ചെന്ന വാദം തെളിയിക്കാന്‍ കോളജിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കേരളാ സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകളിലും നിലവിലുള്ള അക്കാദമിക്, ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.