X

സ്വപ്രയത്‌നം തവക്കുലിന്റെ പൂര്‍ണതക്ക്-റാശിദ് ഗസ്സാലി

തവക്കുല്‍ അഥവാ ഭരമേല്‍പിക്കുക എന്നത് മനസിന്റെ ഭാരം ഇറക്കിവെക്കാനുള്ള വിശ്വാസിയുടെ നിലപാടാണ്. തന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം സര്‍വശക്തനായ നാഥനില്‍ ഭരമേല്‍പിച്ച് മുന്നോട്ട് നീങ്ങുക എന്നത് വലിയ ആശ്വാസവുമാണ്. നിശ്ചയങ്ങളും തീരുമാനങ്ങളും ദൈവത്തില്‍ നിന്നാണ് ആഗ്രഹവും പരിശ്രമവും മാത്രമാണ് നമുക്ക് മുന്നിലുള്ളത്. താന്‍ ചെയ്യാനുള്ളത് പൂര്‍ണമായും പൂര്‍ത്തിയാക്കി ഫലം ദൈവത്തില്‍ അര്‍പ്പിക്കുകയെന്നതാണ് ഇതിന്റെ പൊരുള്‍.

ഒരിക്കല്‍ ഒരു അനുചരന്‍ തന്റെ ഒട്ടകത്തെ അരികില്‍ നിര്‍ത്തി പ്രാര്‍ഥനക്കൊരുങ്ങുകയായിരുന്നു. ഒട്ടകത്തെ കെട്ടിയിടുന്നതിനുപകരം അയാള്‍ ദൈവത്തില്‍ ഭരമേല്‍പിച്ചാല്‍ മതി എന്നങ്ങ് തീരുമാനിച്ചു. നാഥനെ വണങ്ങി നമസ്‌കരിക്കുന്ന സമയത്ത് തന്റെ ഒട്ടകത്തെ സംരക്ഷിക്കേണ്ടത് ദൈവത്തിന്റെ കടമയല്ലേ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇത്‌വഴി കടന്നു പോകുകയായിരുന്ന പ്രവാചകന്‍ ഈ കാഴ്ച കാണാനിടയായി. ഒരല്‍പം നീരസത്തോടെ പ്രവാചകര്‍ ഉപദേശിച്ചു. ആദ്യം ഒട്ടകത്തെ കെട്ടിയിടുക എന്നിട്ട് ദൈവത്തെ ഭരമേല്‍പിക്കുക. അല്ലാതെ അവനവന്‍ ചെയ്യേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാതെ സര്‍വവും ദൈവത്തില്‍ ഭരമേല്‍പിക്കുന്നത് മൗഢ്യമാണ്.

മലയാളത്തില്‍ ഒരു ചൊല്ലുണ്ട്, ‘താന്‍ പാതി ദൈവം പാതി’. പകുതി നമ്മളും ബാക്കി ദൈവവും ചെയ്‌തോളും എന്ന മട്ടിലാണ് നാമിത് പങ്കുവെക്കാറുള്ളത്. പരീക്ഷക്ക് പകുതി വിഷയം നമ്മളും ബാക്കി ദൈവവും കൈകാര്യം ചെയ്യട്ടെ എന്ന് വിശ്വസിക്കുന്നത് പോലെ ബാലിശമാണ് ഈ മനോഭാവം. സത്യത്തില്‍ ഈ ചൊല്ലിന്റെ അന്തഃസാരം ‘തനിക്കുള്ള പാതി ദൈവത്തിനുള്ള പാതി’ എന്നാണ്. തന്റെ പാതി കര്‍മ്മത്തിന്റെ പൂര്‍ണതയാണ് ഫലമാണ് ദൈവത്തിന്റെ പാതി. വീടു ഭദ്രമായി പൂട്ടി സുരക്ഷിതമാക്കിയിട്ട് ദൈവിക കാവലില്‍ ഭരമേല്‍പിക്കുന്നത് പോലെയും നട്ട് നനച്ച് സംരക്ഷിച്ച കൃഷിയില്‍ നല്ല വിളകള്‍ ദൈവം നല്‍കാന്‍ ഭരമേല്‍പിക്കുന്നത് പോലെയുമാണത്.
കര്‍മങ്ങളില്‍ നിന്ന് ഒളിച്ചോടി സര്‍വവും ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അലസനായി ജീവിക്കുന്നതാണ് വര്‍ത്തമാന കാലത്ത് വ്യാപകമായി കാണുന്നത്. ഇതിന് വിശ്വാസത്തിന്റെ താങ്ങ് കൊടുത്ത് പവിത്രീകരിക്കുകയാണ് പലരും.

ഡോക്ടര്‍ മുസ്തഫ സ്വിബാഈ വിശ്വാസികള്‍ തവക്കുലും തവാക്കുലും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ പോകുന്നതിനെ കുറിച്ച് തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നത് കാണാം. തന്റെ ഭാഗത്ത് നിന്നും കര്‍മങ്ങളേതുമില്ലാതെ ദൈവത്തില്‍ പൂര്‍ണമായി അര്‍പ്പിക്കുന്നതാണ് താവാക്കുല്‍. തികച്ചും അപ്രായോഗികമായ കാഴ്ചപ്പാടാണിത്. എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി നിര്‍വഹിച്ച് ശേഷിക്കുന്നത് നാഥനില്‍ ഭരമേല്‍പിക്കുന്ന പ്രായോഗിക സമീപനമാണ് തവക്കുല്‍. പ്രാര്‍ഥനയും പ്രവര്‍ത്തനവും ഒരുപോലെ വിശ്വാസിയുടെ മൂര്‍ച്ചയേറിയ ആയുധങ്ങളായി മാറുന്നത് അപ്പോഴാണ്.

Chandrika Web: