X

സ്വത്വാവബോധം

പ്രൊഫ: പി.കെ.കെ തങ്ങള്‍

ഉറവിടം തിരിച്ചറിയപ്പെടാത്ത ഒന്നും വസ്തുനിഷ്ഠമല്ല. കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാല്‍, പേരിടല്‍ ചടങ്ങ് പിന്നീടാണെങ്കിലും ജനനത്തിന്റെ ആധികാരികതക്കായി ഉടനടി ചെയ്തു വരുന്ന നടപടി ജനനം അധികൃത സ്ഥാനങ്ങളില്‍ രേഖപ്പെടുത്തുകയെന്നുള്ളതാണ് നാടിന്റെ നിയമം. കുഞ്ഞ് ആണോ പെണ്ണോ എന്നതും മാതാപിതാക്കളുടെ പേരുമാണ് അടിസ്ഥാന വിവരങ്ങള്‍. കുഞ്ഞിന്റെ സ്ഥിരമായ പേര് തീരുമാനിച്ചുറപ്പിക്കാന്‍ പിന്നെയും അവസരമുണ്ട്. ചുരുക്കത്തില്‍ ഉല്‍പത്തിയാണ് പരമപ്രധാനമെന്നര്‍ത്ഥം. ഇവിടെ നമുക്ക് ഗ്രഹിക്കാനാവുന്നത് കുഞ്ഞിന്റെ ജനനത്തിന്റെ നേരിട്ടുള്ള കാരണക്കാര്‍ ആരെന്ന സംശയരഹിതമായ ബോധ്യം അതിന്റെ വളര്‍ച്ചയില്‍ അതിപ്രധാനമാണെന്നുള്ളതാണ്. കുഞ്ഞ് പിറന്ന അതേ പ്രക്രിയയിലൂടെ തന്നെയാണല്ലോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുഞ്ഞിന്റെ മാതാപിതാക്കളും പ്രപിതാക്കളും അവിടുന്ന് പിന്നോട്ട് കടന്ന് പോയിട്ടുള്ളവരുമെല്ലാം പിറവികൊണ്ടിട്ടുള്ളത്. ആ പ്രക്രിയ മനുഷ്യന്‍ ഇടപെട്ട് തിരുത്താനോ നവീകരിക്കാനോ സാധ്യമല്ലാത്തവിധം സ്ഥായായിട്ടുള്ളതാണ്. അങ്ങിനെ വരുമ്പോള്‍ ഇന്നിന്റെ ഒരു കുഞ്ഞിന്റെ പിറവിയുടെ പരമ്പര അന്തിമമായി ചെന്നെത്തുക ആദിമ മനുഷ്യനിലാണ് ആദ്യ ഇണകള്‍ ആദമും ഹവ്വയും (ആദം ആന്റ് ഈവ്).

അടിസ്ഥാനപരമായി മണ്ണില്‍ നിന്നുയിര്‍കൊണ്ട മനുഷ്യന്റെ പദാര്‍ത്ഥപരമായ അടിത്തറ മണ്ണില്‍ നിന്നും, ചൈതന്യത്തിന്റെ ഉറവിടം എല്ലാറ്റിനും ഉപരിയായ പരാശക്തിയെന്ന ചൈതന്യത്തില്‍ നിന്നുമാണ്. അത് അന്തിമമായി വിശകലനം ചെയ്യുന്നതില്‍ മനുഷ്യന്‍ അശക്തനാണ്. ‘ആത്മാവിനെക്കുറിച്ച് വിശകലനം ആവശ്യപ്പെട്ടാല്‍, ആത്മാവ് എന്റെ നാഥന്റെ ആജ്ഞയില്‍ നിന്നുള്ളതാണെന്ന’ മറുപടി നല്‍കാനാണ് സ്രഷ്ടാവ് പ്രവാചകനോട് നിര്‍ദ്ദേശിച്ചത്. എന്ന് വെച്ചാല്‍, ആത്മാവ് എന്നത് പദാര്‍ത്ഥപരമല്ല, പൂര്‍ണമായും ദൈവിക വിഷയത്തില്‍ ഇടപെട്ട ചൈതന്യമാണ്. അതുകൊണ്ട് തന്നെയാണ് തദ്‌വിഷയത്തില്‍ ഇടപെടാന്‍ മനുഷ്യന് ഒരു നിലക്കും സാധ്യമാവാത്തതും. മനുഷ്യോല്‍പത്തിയെ സംബന്ധിച്ച് നമുക്കെത്തിച്ചേരാവുന്ന വളച്ചുകെട്ടില്ലാത്ത ലളിതമായ പ്രായോഗിക ആശയമാണിത്. നേരെ മറിച്ച്, എല്ലാറ്റിലും കയറി ഇടപെടാവുന്ന ഒരവസ്ഥയാണ് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നതെങ്കില്‍ ലോകം എന്നേ കത്തിയെരിഞ്ഞു കഴിഞ്ഞോനെ.

മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളുമെല്ലാം പ്രപഞ്ചത്തില്‍ നിലനിന്നുപോരുന്ന പ്രതിഭാസങ്ങളെയോ അവയുടെ ഉല്‍പ്പന്നങ്ങളെയോ ആശ്രയിച്ചു മാത്രമുള്ളതാണ്. ഒന്നിന്റെയും അടിസ്ഥാന ഉല്‍പാദകന്‍ മനുഷ്യനല്ല. സാങ്കേതികമായി നാം അതിനു പറഞ്ഞു വരുന്നത് പദാര്‍ത്ഥം (മെറ്റീരിയല്‍) എന്നാണ്. മനുഷ്യശരീരം ഉള്‍പ്പെടെ ഭൂമുഖത്തെ എല്ലാം ഈ ഗണത്തില്‍പെടുന്നു. അവയില്‍ ചൈതന്യത്തിന്റെ ചെറിയ ഒരംശമെങ്കിലും സന്നിവേശിപ്പിക്കാന്‍ മനുഷ്യന്‍ അശക്തനാണ്. പദാര്‍ത്ഥങ്ങള്‍ ചെത്തിയും മുറിച്ചും, തുന്നിക്കൂട്ടിയും, കത്തിച്ചും പുകച്ചും, വെള്ളം ചേര്‍ത്തും വറ്റിച്ചും എന്തെങ്കിലുമൊക്കെ പരീക്ഷിക്കുകയെന്നല്ലാതെ, ചൈതന്യം വേണ്ടിടത്ത് അത് നല്‍കാന്‍ മനുഷ്യന് സാദ്ധ്യമല്ല. അതായത് പദാര്‍ത്ഥപരമായ കൂട്ടിച്ചേര്‍ക്കലും മാറ്റിത്തിരുത്തലും കൂട്ടിക്കിഴിക്കലും മാത്രമാണ് മനുഷ്യന്റെ കഴിവിന്റെ സീമ. അവക്ക് ജീവന്റെ അംശം പകര്‍ന്നുനല്‍കാന്‍ മനുഷ്യന്‍ തീര്‍ത്തും അശക്തനാണ്.

സാമാന്യേന പദാര്‍ത്ഥപരമായിട്ടുള്ളതിനെ നാം തരംതിരിക്കുന്നത് ഭൗതികം എന്നും ചേതനാപരമായിട്ടുള്ളതിനെ ആത്മീയം എന്നുമാണ്. രണ്ട് ഹൈഡ്രജനും ഒരു ഓക്‌സിജനും ചേര്‍ന്നാല്‍ വെള്ളം രൂപപ്പെടുന്നത് മനുഷ്യന്റെ ഉല്‍പന്നമല്ല. വെള്ളത്തിന്റെ, കടലുകള്‍ കണക്കെയുള്ള ഉല്‍പാദനത്തിനും മനുഷ്യോപയോഗത്തിനും ശേഷം മനുഷ്യന്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി രൂപപ്പെടുത്തിയ ഒരു സമവാക്യം മാത്രമാണ് എച്ച്.ടു ഒ എന്നുള്ളത്. നൂഹ് നബി(നോഹ)യുടെ കാലം തൊട്ടിങ്ങോട്ട്, ഇന്നും പ്രാചീനവും ആധുനികവുമായ കപ്പല്‍ സംവിധാനം മനുഷ്യമുന്നേറ്റത്തിനൊപ്പമുള്ളതാണ്. ആര്‍ക്കും പരിചയമില്ലാത്ത ഒന്നല്ല അത്. അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് യഥാര്‍ത്ഥത്തില്‍ ആശ്ചര്യകരമായ ഒരു കാര്യമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയെന്നതാണിതിലെ പ്രധാന വിഷയം. പ്ലവനതത്വം (പ്ലൊട്ടേഷന്‍ തിയറി) എന്ന ഒരു സമവാക്യം അടുത്ത കാലത്താണ് മനുഷ്യന്‍ കണ്ടെത്തിയത്. നോഹയുടെ കാലംതൊട്ട് ഈ സമവാക്യത്തിന്റെ സഹായത്താലായിരുന്നോ ജലവാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്നത്? ഒരിക്കലുമല്ല. എന്ന് വെച്ചാല്‍ സംവിധാനങ്ങള്‍, അവയുടെ ചേതനാപരമായ നിയമങ്ങള്‍ എല്ലാം പ്രപഞ്ചത്തില്‍ പ്രപഞ്ചകര്‍ത്താവ് നേരത്തെ സംവിധാനിച്ചിട്ടുള്ളതാണ്. മനുഷ്യന്‍ അതിന്റെ ഉപഭോക്താവ് മാത്രം. ഉപഭോക്താവാകുമ്പോള്‍ സൗകര്യാര്‍ത്ഥം ആവശ്യമെന്നു തോന്നുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കും, അത്രതന്നെ. ഭൂമുഖത്ത് ലഭ്യമായ പദാര്‍ത്ഥങ്ങളോരോന്നും മനുഷ്യന് അവന്റെ സൗകര്യപ്രദമായ ജീവസന്ധാരണത്തിനായി സജ്ജമാക്കപ്പെട്ടിട്ടുള്ളതാണ്. വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം എന്നിവയെല്ലാം മനുഷ്യന് പ്രപഞ്ചനാഥനില്‍ നിന്ന് ദാനമായി കിട്ടിയിട്ടുള്ളവയാണ്. ഇവയേതെങ്കിലുമൊന്ന് നഷ്ടമായാല്‍ മനുഷ്യജീവിതം എപ്രകാരമായിരിക്കുമെന്നുള്ളത് ഊഹിക്കാവുന്നതല്ല. എന്നാല്‍ അതേ സമയം തനിക്കു ലഭ്യമായ നേട്ടങ്ങളുടെ ഉറവിടത്തെക്കുറിച്ച് ചിന്തിച്ചു മനസിലാക്കി ജീവിതം നയിക്കുന്നവര്‍ എത്രശതമാനം കാണും?. നേട്ടങ്ങളുടെ ഊറ്റത്തില്‍ മനുഷ്യന്‍ അഹങ്കാരിയായി മാറിക്കൊണ്ടിരിക്കുന്നതല്ലേ എവിടെത്തിരഞ്ഞു നോക്കിയാലും കാണാനാവുക.

മനുഷ്യന് ജന്മനാ ലഭ്യമായ നേട്ടങ്ങളില്‍ പ്രഥമവും പ്രധാനവുമായത് അവന്റെ ശരീര ഘടനതന്നെയാണ്. മറ്റേതു ജീവികളില്‍ നിന്നും അങ്ങേയറ്റം വ്യത്യസ്തമായതും സൗകര്യപ്രദമായതുമാണ് മനുഷ്യന്റെ ശാരീരിക ഘടന. തത്സംബന്ധമായി സ്രഷ്ടാവ് തന്നെ നമ്മെ ഉണര്‍ത്തുന്നത് ‘ഏറ്റവും നല്ല ഘടനയിലാകുന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്’ എന്നാണ്. നടുവും, തലയും നിവര്‍ത്തിപ്പിടിച്ച് മറ്റുള്ളവരുമായി മുഖാമുഖം കണ്ട് സന്തോഷിച്ച് സഹജീവിതത്തിനുള്ള വിധമല്ലേ മനുഷ്യന്റെ ഘടന. അക്കാരണത്താലല്ലോ ഒരാള്‍ക്ക് മറ്റൊരാളുമായി അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അതിയായ സന്തോഷം അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട് കഴിയാന്‍ മനുഷ്യന്‍ ഇഷ്ടപ്പെടാത്തതിന്റെ കാരണവും അതുതന്നെയല്ലേ?. പരസ്പരം കണ്ടുമുട്ടുന്നത് സന്തോഷദായകവും നിര്‍വൃതി പൂര്‍ണവുമെന്നല്ലേ ഇന്‍സാന്‍ (മനുഷ്യന്‍) എന്ന പദത്തിന്റെ അര്‍ത്ഥം പോലും നമ്മെ പഠിപ്പിക്കുന്നത്?. സഹജീവിതം എന്നുവെച്ചാല്‍ പങ്കിടല്‍ എന്ന വിശാലമായ അര്‍ത്ഥമാണല്ലോ. മനുഷ്യനില്‍ വെറും യാന്ത്രികത അഥവാ ഭൗതികത മാത്രമാണുള്ളതെങ്കില്‍ ഇത്തരം എന്തെങ്കിലും സദ്ഗുണ ചിന്താധാരകള്‍ അവനില്‍ ഉടലെടുക്കുമായിരുന്നോ?. എണ്ണയിട്ട യന്ത്രം പോലെ സമൂഹം ചലിക്കുമായിരുന്നോ?. തന്നെയുമല്ല ഇതിന്റെയെല്ലാം നിയന്ത്രണം ഒരു ദൃശ്യസങ്കേതത്തില്‍ നിന്നാണെങ്കില്‍, അഥവാ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ഒരുകേന്ദ്രത്തില്‍ നിന്നാണെങ്കില്‍ ‘നിത്യത പുച്ഛം വളര്‍ത്തും’ എന്ന അവസ്ഥയാകുമായിരുന്നില്ലേ സൃഷ്ടികളും സ്രഷ്ടാവും തമ്മിലുള്ള ബന്ധം.

മനുഷ്യന്‍ സ്വയം കണ്ടെത്തിയ ചിന്താധാരയും പ്രവര്‍ത്തനശൈലിയുമായി മുന്നേറുമ്പോഴാണ് വീഴ്ചകളും പാളിച്ചകളും അപജയങ്ങളും അവനെ പരാജയത്തിന്റെ പടുകുഴിയില്‍ ആപതിപ്പിക്കുന്നത്. ആധുനിക സമൂഹത്തില്‍ മിക്ക രാജ്യങ്ങളിലും ഒരുപാട് അസ്വസ്ഥകളും, അരാജകത്വവും നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്തിനേറെ, നമ്മുടെ കൊച്ചു സംസ്ഥാനത്ത് പോലും ഇതൊക്കെ ദൃശ്യമാണ്. സ്വന്തം മുഖം അവനവന്‍ കാണുന്നില്ലെന്ന പോലെ നമ്മുടെ നാടിന്റെ ഭരണകൂടത്തിന്റെ വീഴ്ചകള്‍ അനുഭവിക്കേണ്ടി വരുന്നതോ നിര്‍ദ്ദോഷികളായ സാധാരണ പൗരന്മാരും. ശരീരഘടനയില്‍ മാത്രമല്ല തിരക്കുകളില്‍ നിന്നും മനുഷ്യന്‍ വിഭിന്നനാകേണ്ടത്. മനസാ, വാചാ, കര്‍മ്മണാ മനുഷ്യന്‍ വ്യത്യസ്തനാവണം.
അങ്ങിനെ വരുമ്പോള്‍ മാത്രമേ ഭരണകൂടത്തിന് സാധാരണക്കാരന്റെ വേദനകള്‍ തിരിച്ചറിയാനാവൂ. തമോയുഗത്തില്‍ ‘മദ്യം, മദിരാക്ഷി, രക്തം’ എന്നിവ ജീവിത ശീലങ്ങളാക്കി മാറ്റിയെങ്കില്‍ ഇന്ന് ഇവിടെ വലിയ മാറ്റമൊന്നും കാണുന്നില്ല. അതിന്റെ ബഹിര്‍ പ്രകടനങ്ങളല്ലേ ഇവിടെ നിലനില്‍ക്കുന്ന, ഭരണകൂടത്തിന്റെ ആകെ ആശ്രയമായ ബാറുകളും, പല നക്ഷത്ര പാര്‍പ്പിടങ്ങളും കുറച്ചെല്ലാം രക്തച്ചൊരിച്ചിലും. ഭൗതികതക്കും, വൈജ്ഞാനികതക്കും മുന്നിലെന്നഭിമാനിക്കുന്നവര്‍ ഇത്തരം തിന്മകള്‍ കൊണ്ട് നേട്ടം കൊയ്ത് നാട് ഭരിക്കുന്നത് ശരിക്കും അധാര്‍മികത തന്നെയാണ്, മനുഷ്യ മഹത്വവും, അവന്റെ നിസ്തുലമായ കര്‍മശേഷിയും നേര്‍ വഴിയിലൂടെ കണ്ടെത്തി ജനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയെന്നതാവണം ഭരണകൂട ധര്‍മം. തല്‍ വിഷയങ്ങളില്‍ കാണിക്കുന്ന നിസംഗത അംഗീകരിക്കാവുന്നതല്ല. കഴിക്കുന്നതും, കുടിക്കുന്നതും, പുകക്കുന്നതും മാത്രമല്ല ലഹരിയെന്ന് തിരിച്ചറിയണം. മറ്റു പലതും ലഹരിയായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അധികാരത്തിന്റെ ലഹരി. ആ ലഹരിക്കടിപ്പെട്ട് എല്ലാ ഉത്തരവാദങ്ങളില്‍ നിന്നും നിസംഗതാപൂര്‍വം വിട്ടു നിന്ന് ശുദ്ധത ചമയുന്നത് അധാര്‍മികതയാണ്.

Test User: