X

സീതിസാഹിബ് പഠന ഗവേഷണ കേന്ദ്രത്തിന് പ്രൗഢമായ തുടക്കം

സീതിസാഹിബ് പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. സി.പി ചെറിയ മുഹമ്മദ്, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, എം.പി അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.സി വടകര, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, ഡോ.എം.കെ മുനീര്‍, കെ കുട്ടി അഹമ്മദ് കുട്ടി സമീപം

സ്വന്തം ലേഖകന്‍
കോഴിക്കോട് ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യഥാര്‍ത്ഥ ചിരിത്രം പഠിച്ചും പഠിപ്പിച്ചുമാണ് ഈ പ്രവണത അവസാനിപ്പിക്കേണ്ടത്. മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് ടാഗോര്‍ ഹാളിലെ പ്രൗഢമായ ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷുകാര്‍ മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി പ്രതികാര നടപടികളുമായി മുന്നോട്ടു പോയതും ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ നയങ്ങളോട് മുസ്‌ലിംകള്‍ അകന്നു നിന്നതും കാരണമായി സമുദായം ഒരുപാട് പിറകോട്ട് പോയി. ആ സമയത്താണ് ആധുനിക വിദ്യാഭ്യാസം നേടുകയും ആധുനിക രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്താലേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രക്ഷ പ്രാപിക്കുകയുള്ളൂ എന്ന ദര്‍ശനവുമായി മഹാനായ സര്‍ സയ്യിദ് അഹമ്മദ് ഖാനും മുസ്‌ലിം നേതാക്കളും രംഗത്തുവരുന്നത്. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ ഈ ദര്‍ശനമായിരുന്നു.
മാറിയ കാലത്ത് ആധുനിക രാഷ്ട്രീയത്തെ കൂടുതല്‍ മനോഹരമായി അടയാളപ്പെടുത്താനുള്ള ബാധ്യത മുസ്‌ലിംലീഗിന്റെ ഓരോ പ്രവര്‍ത്തകര്‍ക്കുമുണ്ട്. ചരിത്രത്തിന്റെ പാഠങ്ങളില്‍നിന്ന് വര്‍ത്തമാനത്തെ സജീവമാക്കാനും ഭാവിയെ സമ്പന്നമാക്കാനും നമുക്ക് കഴിയണം. അറിവു നേടുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ മുതലാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. ചരിത്രത്തെ ഉപയോഗിച്ച് വര്‍ത്തമാന കാലത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നവര്‍ക്കെതിരായ സാംസ്‌കാരിക പ്രതിരോധമാണ് സീതി സാഹിബ് പഠന ഗവേഷണ കേന്ദ്രമെന്നും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ പ്രസംഗിച്ചു.
എഴുത്തുകാരനും ചിന്തകനുമായ കെ വേണു ബഹുസ്വര ഇന്ത്യ എന്ന വിഷയത്തില്‍ സി.എച്ച് സ്മാരക പ്രഭാഷണവും ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി എം.ഐ തങ്ങള്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു. പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ എം.സി വടകര വിശദീകരിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയ മുഹമ്മദ് സ്വാഗതവും പി.എം സാദിഖലി നന്ദിയും പറഞ്ഞു.

chandrika: