ഹൈദരാബാദ്: കാരാട്ട് പക്ഷം ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടന്ന് സീതാറാം യെച്ചൂരി വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെനേരം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് സമവായത്തിലൂടെയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി സി.പി.എം ജനറല്‍ സെക്രട്ടറിയാകുന്നത്. കേന്ദ്ര കമ്മിറ്റിയുടെ അംഗബലം 95 ആക്കി വര്‍ധിപ്പിച്ചു. 17 അംഗ പോളിറ്റ്ബ്യൂറോയില്‍ എസ്.രാമചന്ദ്ര പിള്ളയെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. 80 വയസ് കഴിഞ്ഞതിനാല്‍ എസ്.ആര്‍.പി പോളിറ്റ്ബ്യൂറോയില്‍ നിന്ന് മാറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കേരള ഘടകത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ നിലനിര്‍ത്തുകയായിരുന്നു.
പി.കെ ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എസ്.ആര്‍.പിയും വൈക്കം വിശ്വനും കേന്ദ്ര കമ്മിറ്റിയില്‍ തുടരും. വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. കേരളത്തില്‍ നിന്ന് എം.വി ഗോവിന്ദന്‍ മാസറ്റര്‍, കെ.രാധാകൃഷ്ണന്‍ തുടങ്ങിയവരെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
യെച്ചൂരി രണ്ടാമതും സെക്രട്ടറിയാകുന്നത് തടയാന്‍ കാരാട്ട് പക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ മത്സരത്തിന് തയ്യാറാണെന്ന് യെച്ചൂരി വ്യക്തമാക്കിയതോടെ കാരാട്ട് പക്ഷം സമവായത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. പുതിയ കേന്ദ്രകമ്മിറ്റി, പോളിറ്റ് ബ്യൂറോ പാനല്‍ തയ്യാറാക്കാന്‍ ഇന്നലെ രാത്രി പി.ബി യോഗം ചേര്‍ന്നുവെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ഒമ്പതിന് വീണ്ടും യോഗം ചേര്‍ന്നാണ് യെച്ചൂരിയുടേയും കേന്ദ്ര കമ്മിറ്റിയുടേയും കാര്യത്തില്‍ തീരുമാനത്തിലെത്തിയത്.