X

നിര്‍ഭയക്കായ് നേടിയെടുത്ത നീതി ഹത്രാസ് പെണ്‍കുട്ടിക്കും നേടികൊടുക്കാനായി അഡ്വ.സീമാ കുശ്‌വാഹ കോട്ടണിയുന്നു

ഡല്‍ഹി: കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറാണെന്ന് അഡ്വ.സീമാ കുശ്‌വാഹ. 2012 ല്‍ ഡല്‍ഹിയിലെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടി കേസ് വാദിച്ചത് സീമാ കുശ്‌വാഹയായിരുന്നു.

എന്നാല്‍ ഹത്രാസ് പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കാന്‍ തയ്യാറാണെന്ന വിവരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ടറിയിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും യുപി പൊലീസ് ഇവരെ തടഞ്ഞു. താന്‍ അവരുടെ നിയമോപദേശകയായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ കുടുംബം തന്നെ ഹത്രാസിലേക്ക് വിളിച്ചിരുന്നെന്നും എന്നാല്‍ ക്രമസമാധാനനിലയെ ബാധിക്കുമെന്ന് പറഞ്ഞ് ഭരണകൂടം അവരെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും അഭിഭാഷക സീമ കുശ്‌വാഹ പറഞ്ഞു.

ഹത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഹത്രാസ്് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കുട്ടിയുടെ കുടുംബാംഗങ്ങളെ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കാത്ത രീതിയില്‍ ബന്ദികളാക്കിയിരിക്കുകയാണ്.

Test User: