ന്യൂഡല്‍ഹി: കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസെടുത്തിരിക്കുന്നത്. 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജമ്മു കാശ്മീരില്‍ 370 റദ്ദാക്കിയതിനു ശേഷം സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ട്വീറ്റുകള്‍ക്കെതിരെയാണ് കേസ്.
കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം വീടുകളില്‍ നിന്നും യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുവെന്നും വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നുവെന്നും ഷെഹ്‌ല റാഷിദ് പറഞ്ഞിരുന്നു. എന്നാല്‍ ഷെഹ്‌ല റാഷിദിന്റെ വാദം സൈന്യം തള്ളിയിരുന്നു. ഇന്ത്യന്‍ ആര്‍മി അന്വേഷണക്കമ്മിഷനെ രൂപീകരിച്ചാല്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും ഷെഹ്ല റാഷിദ് വ്യക്തമാക്കിയിട്ടുണ്ട്.