റിയാദ്: ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കുവേണ്ടി സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ പിടിയിലായ 98,286 പേരെ 65 ദിവസത്തിനിടെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചതായി ഔദ്യോഗിക കണക്ക്. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും പ്രഖ്യാപിച്ച പൊതുമാപ്പ് നവംബര്‍ 14 ന് അവസാനിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ കഴിഞ്ഞ വ്യാഴാഴ്ച വരെ 4,32,562 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 2,76,415 പേര്‍ ഇഖാമ നിയമ ലംഘകരും 1,10,618 പേര്‍ തൊഴില്‍ നിയമ ലംഘകരും 45,529 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരുമാണ്.
അറുപത്തിയഞ്ച് ദിവസത്തിനിടെ അതിര്‍ത്തികള്‍ വഴി സഊദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 6,080 വിദേശികളെയും സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 76 ശതമാനം പേര്‍ യമനികളും 22 ശതമാനം പേര്‍ എത്യോപ്യക്കാരും രണ്ട് ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. ഇതേ കാലയളവില്‍ അതിര്‍ത്തികള്‍ വഴി വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 360 നിയമ ലംഘകരെയും സുരക്ഷാ സൈനികര്‍ പിടികൂടി.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും യാത്രാ സൗകര്യവും താമസ സൗകര്യവും മറ്റ് സഹായങ്ങളും ചെയ്തുകൊടുത്ത കേസില്‍ 360 വിദേശികളെ അറസ്റ്റ് ചെയ്തു. ഇതേ കുറ്റത്തിന് 138 സ്വദേശികളും പിടിയിലായി. സ്വദേശികളില്‍ 124 പേരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. 14 പേര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
നിലവില്‍ 12,099 നിയമ ലംഘകര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ 10,091 പേര്‍ പുരുഷന്മാരും 2,008 പേര്‍ വനിതകളുമാണ്. 73,279 നിയമ ലംഘകര്‍ക്കെതിരെ തല്‍ക്ഷണം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. പാസ്‌പോര്‍ട്ടില്ലാത്ത 66,027 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് അവരുടെ രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തുവരികയാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് 71,539 നിയമ ലംഘകര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 98,286 നിയമ ലംഘകരെ 65 ദിവസത്തിനിടെ നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു.