X

സുരക്ഷാ വീഴ്ച; ചാലിയം ബേപ്പൂര്‍ ജങ്കാര്‍ സര്‍വീസിന് വിലക്കേര്‍പ്പെടുത്തി പോര്‍ട്ട് ഓഫിസര്‍

ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് ലൈസന്‍സിനുള്ള ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ ബേപ്പൂര്‍ ചാലിയം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോര്‍ട്ട് ഓഫിസറുടെ ഉത്തരവ്. കഴിഞ്ഞ ദിവസം പോര്‍ട്ട് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ജങ്കാറിനു മതിയായ സുരക്ഷിതത്വം ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതു സംബന്ധിച്ചു ജങ്കാര്‍ ലേലക്കാര്‍, പോലിസ് എന്നിവര്‍ക്ക് പോര്‍ട്ട് ഓഫിസര്‍ കത്തു
നല്‍കി. പരിശോധന സമയത്ത് കണ്ടെത്തിയ ന്യുനതകള്‍ ബന്ധപ്പെട്ട വിദഗ്ധരുടെ സഹായത്തോടെ പരിഹരിച്ച് തുടര്‍ പരിശോധനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്.

തുറമുഖ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജങ്കാറിന്റെ ഡെക്കില്‍ ദ്വാരം വീണതായും ഇവ താല്‍ക്കാലിക വെല്‍ഡിങ് നടത്തിയാണ് സര്‍വീസ് നടത്തുന്നതെന്നും കണ്ടെത്തിയിരുന്നു. എന്‍ജിന്‍ മുറിയുടെ വാതില്‍ പ്രവര്‍ത്തന സജ്ജമല്ലെന്നും എന്‍ജിനില്‍ തീപിടിത്തം പോലുള്ള അപായം ഉണ്ടായാല്‍ വാതില്‍ അടയ്ക്കാന്‍ സംവിധാനം ഇല്ലെന്നും ബോധ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റജിസ്‌ട്രെഷന്‍ അതോറിറ്റിയായ പോര്‍ട്ട് ഓഫിസര്‍ അടിയന്തര നടപടിയെടുത്തത്. ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് പ്രകാരം ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കി ജങ്കാര്‍ സജ്ജമാക്കിയാല്‍ മാത്രമേ ഫിറ്റ്‌നസ് നല്‍കൂവെന്നു മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം രൂപീകരിച്ച പഞ്ചായത്ത് തല സ്‌ക്വാഡ് 20നു ഉച്ചയ്ക്ക് ജങ്കാറില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ ഒ.സെജോ ഗോര്‍ഡിയസിന്റെ നേതൃത്വത്തിലായിരുന്നു തുറമുഖ അധികൃതരുടെ പരിശോധന.

webdesk13: