X

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സുരക്ഷാ വീഴ്ച; പശ്ചിമബംഗാളില്‍ ആധാര്‍ നമ്പറുകളും ബയോമെട്രിക് ഡാറ്റയും ചോര്‍ന്നു

പശ്ചിമ ബംഗാളിന്റെ ഇഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ബയോമെട്രിക് ഡാറ്റയും ആധാര്‍ നമ്പറുകളും ചോര്‍ന്നതായി സ്വതന്ത്ര സുരക്ഷാ ഗവേഷകനായ സൗരജീത് മജുംദാര്‍.

വെബ് പോര്‍ട്ടലിലെ പ്രശ്‌നം കഴിഞ്ഞയാഴ്ച പരിഹരിച്ചതായി ഓണ്‍ലൈന്‍ മാധ്യമമായ ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമിയുടെ ഉടമസ്ഥാവാകാശ രേഖകളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കുന്നതിനായി ജനങ്ങള്‍ ആശ്രയിക്കുന്ന വെബ്‌സൈറ്റാണിത്.

ഇ ഡിസ്ട്രിക്റ്റ് വെബ്‌സൈറ്റില്‍ നിന്ന് വിവിധയാളുകളുടെ ഭൂമി ഉടമസ്ഥാവാകാശ രേഖകളുടെ പകര്‍പ്പ് എടുക്കാന്‍ തനിക്ക് സാധിച്ചുവെന്ന് സൗരജീത് പറയുന്നു. ഈ രേഖകളില്‍ സ്ഥലമുടമകളുടെ പേരുകള്‍, ചിത്രങ്ങള്‍, ഫിംഗര്‍പ്രിന്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എല്ലാം ഉണ്ട്. ഒന്നിലധികം ഉടമകളുള്ള സ്ഥല രേഖകളും സൗരജീതിന് ലഭിച്ചു.

തിരിച്ചറിയല്‍ രേഖകളില്‍ ആധാര്‍ നമ്പറുകളുമുണ്ട്. വിരലടയാളം ഉള്‍പ്പടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആധാറിന്റെ പ്രവര്‍ത്തനം. ബാങ്കിങ്, സെല്‍ഫോണ്‍ കണക്ഷന്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആധാര്‍ ഉപയോഗിക്കുന്നുണ്ട്. ആധാര്‍ നമ്പറും സ്ഥല രേഖകളിലെ വിരലടയാളവും പരസ്യമാക്കപ്പെട്ടത് ആ വ്യക്തികളുടെ ആധാര്‍ സുരക്ഷ ഭീഷണിയിലാക്കുന്നു.

സുരക്ഷാ വീഴ്ച സൗരജീത് ഇന്ത്യയുടെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും അറിയിക്കുകയും അത് പരിഹരിക്കുകയുമായിരുന്നു.

വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുകയും ആധാര്‍ സംവിധാനങ്ങളുടെ സുരക്ഷ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതിനിടയ്ക്കാണ് ഈ സംഭവം പുറത്തുവരുന്നത്. എന്നാല്‍ ഇത് നിലവില്‍ ആധാറിന്റെ സുരക്ഷാവീഴ്ചയല്ല. മറിച്ച് ഇഡിസ്ട്രിക്ട് വെബ്‌സൈറ്റിലെ പ്രശ്‌നമാണ്.

webdesk13: