X
    Categories: MoreViews

മതേതര കക്ഷികള്‍ ഒന്നിക്കണം: മുസ്ലിം ലീഗ്

 

 

 

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: ത്രിപുരയിലേതടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലികുട്ടി എം പി ഡല്‍ഹിയില്‍ പറഞ്ഞു. മുസ്ലിം ലീഗ് പാര്‍ലമെന്റ് അംഗങ്ങള്‍ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അജയ്യമാണന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ മതേതര കക്ഷികള്‍ കൂടുതല്‍ ഗൗരവത്തോടെ തിരഞ്ഞടുപ്പുകളെ സമീപിച്ചാല്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിണ്ണ ബലവും പണവും ഉപയോഗിച്ചാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചത്. എല്ലാതരത്തിലുള്ള പ്രതികൂല സാഹചര്യത്തിലും മേഘാലയിലെ കോണ്‍ഗ്രസ് മുന്നേറ്റം ആശാവഹമാണ്. എം പി പറഞ്ഞു. ഇടതുപക്ഷം ത്രിപുര തിരഞ്ഞടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ കുറച്ചു കൂടി തെളിമയുള്ള നിലപാട് സ്വീകരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്. ത്രിപുരയില്‍ സംഭവിച്ചത് കേരളത്തില്‍ കൂടി ആവര്‍ത്തിച്ചതിനു ശേഷമെ പഠിക്കുകയുള്ളു എന്ന ഇടത്പക്ഷ നിലപാട് ശരിയല്ല കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
രാജ്യത്ത് സാധരണക്കാരന്റെ വിഷയങ്ങളില്‍ ചര്‍ച്ചയേ നടക്കുന്നില്ല. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. വിദേശത്തുള്ള പണം സ്വദേശത്തെത്തിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ സ്വദേശത്തെ പണം വിദേശത്തെക്ക് കടത്താന്‍ സഹായിക്കുന്നതാണ് നീരവ് മോദിയുടെ ബാങ്ക് കുംഭകോണത്തിലൂടെ വ്യക്തമായതന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
കോണ്‍ഗ്രസിതര മൂന്നാം മുന്നണി യാഥാര്‍ത്യത്തോട് യോജിക്കാത്തതാണ്. അത്തരം നീക്കങ്ങള്‍ ഫലത്തില്‍ ബിജെപിക്ക് സഹായമാവുകയാണ് ചെയ്യുക. ഉത്തര്‍പ്രദേശിലെ ഉപതിരഞടുപ്പില്‍ ബദ്ധവൈരികളായ ബിഎസ്പി എസ്പി ഒന്നിച്ചു പോരാടാന്‍ തീരുമാനിച്ചത് മുസ്ലിംലീഗ് സ്വാഗതം ചെയ്യുന്നു കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്ത് കോണ്‍ഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രാജ്യത്ത് എഴുതി തള്ളാനാവില്ലന്ന് ഇ ടി.മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കോണ്‍ഗ്രസും വിവിധ പ്രദേശിക പാര്‍ട്ടികളും ഒന്നിച്ചു നിന്നു പൊതു തിരഞ്ഞെടുപ്പിനെ നേരിടണം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി സമീപഭാവിയില്‍ രാഷ്ട്രീയ മുന്നേറ്റം സാധ്യമാണന്ന വാദം അബദ്ധമാണെന്ന് ഇ ടി പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്തത്തില്‍ മുന്നണി രൂപീകരിക്കുന്നതിനായി വിവിധ പ്രാദേശിക പാര്‍ട്ടികളുമായി മുസ്ലിംലീഗ് ചര്‍ച്ചകള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പിവി അബ്ദുള്‍ വഹാബ് എംപി, ഖുറം അനീസ് ഉമര്‍, ഷഹന്‍ഷ ജഹാംഗീര്‍ തുടങ്ങിയ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

chandrika: