X

ദേശീയ തലത്തില്‍ മതേതര കൂട്ടായ്മക്ക് മുസ്‌ലിംലീഗ് നേതൃത്വം നല്‍കും: മുനവ്വറലി തങ്ങള്‍

 

ഓമശ്ശേരി : രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലയിലും കരിനിഴല്‍ വീഴ്ത്തി ഫാസിസവും അസഹിഷ്ണുതയും കൊടികുത്തി വാഴുമ്പോള്‍ ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും മുസ്‌ലിം ലീഗ് ഇതിനായി നേതൃത്വം വഹിക്കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാറുന്ന യൗവ്വനം മാറാത്ത സ്വത്വം എന്ന പ്രമേയത്തില്‍ കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന പ്രതിനിധി സമ്മേളനം ഓമശ്ശേരി ബാബിലൂദ് നഗരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് പാര്‍ട്ടികളുടെ ലക്ഷ്യം അധികാര രാഷ്ട്രീയമാണ്. ബി.ജെ.പി. അധികാരത്തിലേറിയതോടെ പതിറ്റാണ്ടുകളായി രാജ്യം കാത്തു സൂക്ഷിച്ച മതേതര പാരമ്പര്യം തച്ചുടക്കപ്പെട്ടു. ദളിത് – ന്യൂനപക്ഷ വിഭാഗങ്ങളെ മനുഷ്യരായി പോലും കാണാന്‍ ഭരണകൂടം തയ്യാറാവാത്തത് മതേതര വിശ്വാസികള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കി. ന്യൂനപക്ഷ വിഭാഗങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു. സംസ്ഥാനത്തും ഫാസിസ്റ്റു സര്‍ക്കാറിനെ വെല്ലുന്ന രീതിയിലുള്ള ജനവിരുദ്ധ ഭരണമാണ് നടക്കുന്നത്. സമൂഹ നന്മക്കും വിദ്യാഭ്യാസ പുരോഗതിക്കുമായി യുവജന സംഘടനകള്‍ അജണ്ട തയ്യാറാക്കണമെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് കൂടത്തായി സ്വാഗതവും ട്രഷറര്‍ സി.കെ. റസ്സാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണവും ട്രഷറര്‍ എം. എ. സമദ് പ്രമേയ പ്രഭാഷണവും നടത്തി. സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍ മാസ്റ്റര്‍, എം. എ. റസ്സാഖ് മാസ്റ്റര്‍, വേളാട്ട് അഹമ്മദ് മാസ്റ്റര്‍, യു.കെ. അബു, എ.കെ. കൗസര്‍, വി.കെ. മുഹമ്മദ് റഷീദ് മാസ്റ്റര്‍, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, കെ.കെ. അബ്ദുള്ളക്കുട്ടി, എ.കെ. അസീസ്, പി.വി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, അസീസ് നരിക്കുനി, പി.ടി.എം. ഷറഫുന്നിസ ടീച്ചര്‍, സി. കെ. ഖദീജ മുഹമ്മദ്, ഒ.കെ. ഇസ്മായില്‍, ഇഖ്ബാല്‍ കത്തറമ്മല്‍, മിഹ്ജഅ് നരിക്കുനി, നൗഷാദ് പന്നൂര്‍, പി. അനീസ്, ഷമീര്‍ മോയത്ത്, വി.സി. റിയാസ് ഖാന്‍, എ. ജാഫര്‍, സംസാരിച്ചു. തുടര്‍ന്നു നടന്ന ദര്‍ശനം സെഷനില്‍ സി. ഹംസ, സി.പി. സെയ്തലവി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

chandrika: