റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാട്ടിറച്ചി കൊണ്ടുപോകുന്നു എന്നാരോപിച്ച് ആള്‍ക്കൂട്ടം അലീമുദ്ദീന്‍ അന്‍സാരി എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നും കൂടുതല്‍ പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അലീമുദ്ദീന്റെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിനു നേരെ കലാപം ഉണ്ടാകാവുന്ന സ്ഥിതി നിലനില്‍ക്കുന്നു എന്നതിനാലാണ് 144 ഏര്‍പ്പെടുത്തിയതെന്നും സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നും ഐ.ജി എം.എല്‍ മീന പറഞ്ഞു. ജില്ലയിലെ ആറ് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ അധിക സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്. മൂന്നിലധികം പേര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് രാംഗഡ് പോലീസ് സ്‌റ്റേഷനില്‍ രണ്ട് എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിലെ തുടര്‍ നടപടികള്‍ക്ക് ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് എസ്.പി കിശോര്‍ കൗശല്‍ പറഞ്ഞു.
രാംഗഡ് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ വെച്ച് തൊട്ടടുത്ത ഹസാരിബാഗ് ജില്ലക്കാരനായ അലീമുദ്ദീന്‍ അന്‍സാരി സഞ്ചരിച്ച വാഹനം അക്രമികള്‍ തടയുകയും അദ്ദേഹത്തെ വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി അന്‍സാരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബീഫ് കടത്തിയെന്നാരോപിച്ച് അലീമുദ്ദീന്റെ വാഹനം അക്രമികള്‍ അഗ്നിക്കിരയാക്കി.
ബീഫിന്റെ പേരില്‍ അലീമുദ്ദീനില്‍ നിന്ന് അക്രമികള്‍ മുമ്പ് പണം പിടിച്ചുപറിക്കാറുണ്ടായിരുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയായി ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കരുതുന്നതായും ജാര്‍ഖണ്ഡ് പോലീസ് എ.ഡി.ജി ആര്‍.കെ മുല്ലിക് പറഞ്ഞു. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന പേരില്‍ അന്‍സാരിക്കെതിരെ എഫ്.ഐ.ആര്‍ നിലവിലുണ്ട്. ഇതിനു പിന്നില്‍ അന്‍സാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഘമാണെന്ന സംശയമുണ്ടെന്നും മുല്ലിക് വ്യക്തമാക്കി.
ഗിഡ്ഡിയിലെ തന്റെ വീട്ടില്‍ നിന്ന് അന്‍സാരി പുറപ്പെട്ടപ്പോള്‍ തന്നെ അക്രമികള്‍ അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നുവെന്നും ഒരു സംഘം അക്രമികള്‍ രാംഗഡില്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുകയായിരുന്നുവെന്നും പ്രാദേശിക പോലീസ് പറഞ്ഞു.