X

പൊന്നാനി സി.പി.എമ്മില്‍ വിഭാഗീയത; ലോക്കല്‍ സമ്മേളനത്തില്‍ മത്സരം നടന്നു, ഔദ്യോഗിക പാനലിലെ രണ്ടുപേർ തോറ്റു

പൊന്നാനിയിലെ സി.പി.എമ്മില്‍ വിഭാഗീയത കെട്ടടങ്ങിയിട്ടില്ലെന്ന സൂചന നല്‍കി ലോക്കല്‍ സമ്മേളനത്തില്‍ കടുത്തമത്സരം. പുതുപൊന്നാനിയില്‍ നടന്ന സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സമ്മേളനത്തിലാണ് ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നത്.

പി.കെ. കുഞ്ഞുമുഹമ്മദ്, അഡ്വ. സുരേഷ്, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, അഡ്വ. ഷിനോദ്, പി.കെ. ശാഹുല്‍, ടി.കെ. മശ്ഹൂദ്, പി.വി. നിഷാദ്, ഷൈലജ മണികണ്ഠന്‍, ഫസലു, ജമാല്‍, ഇ.കെ. ഖലീല്‍, റാഫി തുടങ്ങിയ പന്ത്രണ്ട് പേരടങ്ങിയ അംഗങ്ങളുടെ പാനലായിരുന്നു ഔദ്യോഗിക നേതൃത്വം അവതരിപ്പിച്ചത്.

ഇതിനെതിരെ പ്രവാസി സംഘം പൊന്നാനി മണ്ഡലം നേതാവ് സക്കരിയ പൊന്നാനിയുടെ പേര് പി.പി. മുജീബും പുതുപൊന്നാനി സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.എം. അബൂബക്കറിന്റെ പേര് അബ്ദുല്‍ഗഫൂറും നിര്‍ദേശിച്ചതോടെയാണ് മത്സരം കടുപ്പിച്ച് നടന്നത്.

ലോക്കല്‍ സമ്മേളനത്തില്‍ 67 പ്രതിനിധികളാണ് പങ്കെടുത്തത്. മത്സരത്തില്‍ 4 പ്രതിനിധികളുടെ വോട്ട് അസാധുവായി. ബാക്കിവരുന്ന 63 പ്രതിനിധികളില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച സക്കരിയ, വി.എം. അബൂബക്കര്‍ എന്നിവര്‍ക്ക് 63 പേരുടെ പിന്തുണ ലഭിച്ചതോടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. ഔദ്യോഗിക പാനലില്‍ ഉണ്ടായിരുന്ന പി.കെ. ശാഹുല്‍, ഫസലു എന്നിവര്‍ക്ക് വോട്ട് കുറഞ്ഞതോടെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പുറത്തായി.

തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് നീങ്ങിയതോടെ നിലവിലെ ലോക്കല്‍ സെക്രട്ടറി പി.കെ. കുഞ്ഞുമുഹമ്മദിനെതിരെ മത്സരത്തിനായി ഇ.കെ. ഖലീല്‍ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മശ്ഹൂദിന്റെ പേരുനിര്‍ദേശിച്ചു. ഇതോടെ ഏരിയാ നേതൃത്വം പ്രതിസന്ധിയിലായി.

മത്സരം ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുവെങ്കിലും ആദ്യം പിന്മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് മത്സരത്തിനായുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറുന്നതായി മശ്ഹൂദ് അറിയിച്ചു. അവസാനം പി.കെ. കുഞ്ഞുമുഹമ്മദിനെ സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടി വന്നു.

webdesk13: